ഇന്ത്യന്‍ സൈന്യത്തെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നുവെന്ന് പെന്റഗണ്‍

യു.എസ്: ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെ പ്രതിനിധികളായി ഉപയോഗിക്കുന്നുവെന്ന് അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണ്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാനെയും ഇന്ത്യയെയും ലക്ഷ്യം വച്ചുള്ള തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണ്.

ഇത്തരം തീവ്രവാദികളെ വച്ചുകൊണ്ട് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടികിക്കുകയാണ്. നൂറിലധികം പേജുള്ള റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ തൊട്ടുമുമ്പാണ് ഇത്തരം നീക്കങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം.

കഴിഞ്ഞ മേയ് മാസത്തില്‍ ഹെറാത്ത് മേഖലയിലെ ഇന്ത്യന്‍ഡ കോണ്‍സുലേറ്റിന് നേരെ തീവ്രവാദി സംഘത്തിന്റെ ആക്രമണമുണ്ടായിരുന്നു. മോഡി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ മൂന്നു ദിവസം മുമ്പായിരുന്നു ആക്രമണം എന്നത് ശ്രദ്ധേയമാണ്. മോഡി ഹൈന്ദവ സംഘത്തോട് അടുത്ത് നില്‍ക്കുന്നയാളാണ് എന്നതാവാം ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ജൂണ്‍ മാസത്തില്‍, ലഷ്‌കര്‍ ഇ തോയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് സ്റ്റേറ്റ് ആരോപിച്ചിരുന്നു. ആക്രണത്തിന് ശേഷം മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആക്രമണത്തെ തള്ളിപ്പറയുകയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പെന്റഗണിന്റെ ഈ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ പ്രതിരോധമേഖലയെ കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ സഹായകരമാക്കുമെന്നാണ് കരുതപ്പെടുന്നത്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങളെ വളരെ കരുതലോടെയാകും ഇന്ത്യ നേരിടുക.

Top