ഇന്ത്യയിലെ ധനികന്‍ മുകേഷ് അംബാനി

വാഷിങ്ടണ്‍: ഇന്ത്യയിലെ ഏറ്റവും ധനികനെന്ന പദവി റിലയന്‍സ് ഗ്രൂപ് മേധാവി മുകേഷ് അംബാനി നിലനിര്‍ത്തി. ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 100 ഇന്ത്യന്‍ ധനികരുടെ പട്ടികയിലാണ് തുടര്‍ച്ചയായ എട്ടാം വര്‍ഷവും മുകേഷ് അംബാനി ഒന്നാമതായി ഇടംപിടിച്ചത്.

ഇന്ത്യയിലെ 100 ധനികരുടെ മൊത്തം സ്വത്ത് 34,600 കോടി ഡോളറാണ് (21,10,600 കോടി രൂപ). തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 25,900 കോടി ഡോളറായിരുന്നു (15,79,900 കോടി രൂപ). ഓഹരി വിപണിയിലെ വളര്‍ച്ചയാണ് പലരുടെയും സമ്പത്തിന്റെ വളര്‍ച്ചക്ക് മുഖ്യകാരണം.

മുകേഷ് അംബാനിയുടെ ആസ്തി 1,43,960 കോടി രൂപയാണ്. ദിലീപ് സാങ്‌വി(1,09,800 കോടി രൂപ), അസിം പ്രേംജി (1,00,040 കോടി), പല്‌ളോന്‍ജി മിസ്തിരി (ടാറ്റാ ഗ്രൂപ്)(96,990 കോടി), ലക്ഷ്മി മിത്തല്‍(96,380 കോടി), ഹിന്ദുജ സഹോദരന്മാര്‍ (81,130 കോടി), ശിവാനന്ദന്‍ നാടാര്‍ (76,250 കോടി), ഗോദറേജ് കുടുംബം (70,760 കോടി), കുമാര്‍ ബിര്‍ള (56,120 കോടി), സുനില്‍ മിത്തല്‍(47,580 കോടി രൂപ) എന്നിവരാണ് പട്ടികയിലെ ആദ്യ 10 സ്ഥാനത്തുള്ള ധനികര്‍.

ലോക സമ്പന്നരില്‍ 34ാം സ്ഥാനമാണ് മുകേഷ് അംബാനിക്ക്. ദിലീപ് സാങ്‌വിക്ക് 45ാം സ്ഥാനവും. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമയായ സാങ്‌വി, ലക്ഷ്മി മിത്തലിനെ മറികടന്നാണ് രണ്ടാം സ്ഥാനത്തത്തെിയത്. മിത്തലാകട്ടെ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഫോബ്‌സ് പട്ടികയിലെ ശതകോടീശ്വരന്മാരുടെ ഇടയില്‍ ഇത്തവണ ഒമ്പതു മലയാളികള്‍ സ്ഥാനം പിടിച്ചു. ആര്‍പി ഗ്രൂപ്പിന്റേയും ബഹ്‌റൈന്‍ ആസ്ഥാനമായുള്ള നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പിന്റേയും മേധാവിയായ രവി പിള്ളയാണ് മലയാളികളില്‍ മുന്നില്‍. എം.കെ. ഗ്രൂപ് ഉടമ എം.എ. യൂസുഫലിയാണ് രണ്ടാമത്. രവി പിള്ളയുടെ ആസ്തി 17,080 കോടി രൂപയാണ്. ഇന്ത്യയിലെ നൂറു ധനികരില്‍ 30ാം സ്ഥാനമാണ് രവി പിള്ളക്ക്. 14,030 കോടി രൂപയുടെ ആസ്തിയുള്ള യൂസുഫലി 40ാം സ്ഥാനത്താണ്.

സണ്ണി വര്‍ക്കി, ക്രിസ് ഗോപാലകൃഷ്ണന്‍, പി.എന്‍.സി. മേനോന്‍, ടി.എസ്. കല്യാണരാമന്‍, എം.ജി. ജോര്‍ജ് മുത്തൂറ്റ്, ആസാദ് മൂപ്പന്‍, എസ്.ഡി. ഷിബുലാല്‍ എന്നിവരാണ് ഇത്തവണ സ്ഥാനം പിടിച്ചത്.

Top