കൊച്ചി: വരാനിരിക്കുന്ന ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പര കടുപ്പമേറിയതായിരിക്കുമെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്ടന് സനത് ജയസൂര്യ. യുവ താരങ്ങളാണെങ്കിലും ശ്രീലങ്കയെ തോല്‍പ്പിക്കുക എളുപ്പമായിരിക്കില്ല. പരിചയ സമ്പന്നരുടെ നീണ്ട നിരയാണ് ഇന്ത്യയുടെ കരുത്ത്.
സിംബാബ്വേ പര്യടനത്തില്‍ മികച്ച പ്രകടനം നടത്താനും ടീമിന് സാധിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍ സിംഹള ടീം കൂടുതല്‍ കരുത്തരായെന്നതിനാല് പരമ്പരയില്‍ വീറും വാശിയും ആവോളം ഉണ്ടാകുമെന്നും മുന്‍ ക്യാപ്ടന് പറഞ്ഞു. കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ ജയസൂര്യ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ചെറുപ്പം തന്നെയാണ് ലങ്കന്‍ ടീമിന്റെ കരുത്തെന്ന് പറഞ്ഞ ജയസൂര്യ ആവശ്യത്തിന് അവസരം ലഭിച്ചാല്‍ ഇവര്‍ മികച്ച താരങ്ങളാകുമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിക്കറ്റില്‍ ബംഗ്ലാദേശിന്റെ സമീപകാലത്തെ പ്രകടനം ആശാവഹമാണ്. നേപ്പാള്‍, മ്യാന്മര്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ളവരാണ്.
ബംഗ്ലാദേശിന്റെ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നില്‍ സ്കൂള്‍ തലം മുതല്‍ കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതാണെന്നും പ്രഫഷണലിസം നടപ്പാക്കിയാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റ് കൂടുതല്‍ വളരുമെന്നും ജയസൂര്യ അഭിപ്രായപ്പെട്ടു.
ശ്രീശാന്ത് ഉള്‍പ്പെട്ട ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ വിസമ്മതിച്ചു. കോടതിയുടെയും ബി.സി.സി.ഐയുടെയും പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.