ജയലളിതക്ക് പിന്നാലെ തരൂരിനെയും കുടുക്കി സ്വാമി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മരണം കൊലപാതകമാണെന്നും റഷ്യന്‍ വിഷം കുത്തി വച്ചാണ് കൊലപ്പെടുത്തിയതെന്നുമുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം സത്യമാകുമ്പോള്‍ ഞെട്ടുന്നത് ഡല്‍ഹി പൊലീസ്.

സുബ്രഹ്മണ്യ സ്വാമിക്ക് എവിടെ നിന്ന് ഈ വിവരം ലഭിച്ചു എന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭരണതലത്തിലെ ‘കരുത്ത്’ മനസിലാക്കിയ ചില രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്‍പ് സുബ്രഹ്മണ്യ സ്വാമിക്ക് വിവരം കൈമാറിയിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

പൊതു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സുബ്രഹ്മണ്യ സ്വാമിയുടെ രാജ്യവ്യാപകമായ ‘നെറ്റ് വര്‍ക്കിന്റെ’ ഭാഗമായാണ്  കൊലപാതക സംബന്ധമായ സൂചന ലഭിച്ചതെന്നുള്ള അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് സുബ്രഹ്മണ്യ സ്വാമിയുടെ സഹകരണം ഡല്‍ഹി പൊലീസ് തേടുമെന്നാണ് സൂചന. വിദേശത്ത് നിന്നെത്തിയ പ്രത്യേക സംഘമാണ് കൊല നടത്തിയതെന്നും രണ്ടാമത്തെ വെളിപ്പെടുത്തലില്‍ സ്വാമി വ്യക്തമാക്കിയിരുന്നു.

അഴിമതിക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ജയിലിലടക്കാന്‍ വഴിയൊരുക്കിയ സ്വാമിയുടെ ഇടപെടല്‍ ഇപ്പോള്‍ തരൂരിന്റെ നിലയും അവതാളത്തിലാക്കിയിരിക്കുകയാണ്. കൊലപാതകമാണെന്ന് വ്യക്തമായതിനാല്‍ തരൂര്‍ പ്രതിയാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന.  വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഭാര്യ ആത്മഹത്യ ചെയ്താല്‍ ഭര്‍ത്താവ് പ്രതിയാകുമെന്ന നിയമം ഇക്കാര്യം അടിവരയിടുന്നുണ്ട്. കൂട്ട് പ്രതികള്‍ ആരെല്ലാമായിരിക്കുമെന്ന കാര്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്.

Top