ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികൾക്ക് ഇന്ത്യയിലെത്താൻ അതിവേഗം വിസ ലഭ്യമാക്കുന്ന ഇലക്‌ട്രോണിക് ടൂറിസ്‌റ്റ് വിസയുടെ (ഇ -വീസ) ഫീസ് ഘടന കേന്ദ്ര സർക്കാർ പരിഷ്‌കരിച്ചു. നേരത്തേ, ഏത് രാജ്യത്തു നിന്നും ഇ – വിസയ്‌ക്കായി അപേക്ഷിക്കുമ്പോൾ 60 അമേരിക്കൻ ഡോളറായിരുന്നു ഫീസ്. ബാങ്ക് ചാർജായി രണ്ടു ഡോളർ വേറെയും നൽകണമായിരുന്നു.
എന്നാൽ, നാല് സ്ളാബുകളായാണ് പുതിയ ഫീസ് നിരക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പൂജ്യം, 25 ഡോളർ, 48 ഡോളർ, 60 ഡോളർ എന്നിങ്ങനെയാണ് യഥാക്രമം പുതിയ സ്ളാബ്. 2.5 ഡോളറാണ് ബാങ്ക് ചാർജ്. പൂജ്യം നിരക്കുള്ള സ്ളാബിന് ബാങ്ക് ചാർജുണ്ടാവില്ല. കഴിഞ്ഞ വർഷം നവംബർ 27ന് നടപ്പാക്കിയ ഇ – വിസ പദ്ധതിയിൽ 113 രാജ്യങ്ങളാണുള്ളത്. ഇതിൽ റഷ്യ, അമേരിക്ക, ബ്രിട്ടൺ, മൊസാംബിക്ക്, ഉക്രെയ്‌ൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് 60 ഡോളർ ഫീസ്.
48 ഡോളർ ഫീസ് വിഭാഗത്തിൽ 86 രാജ്യങ്ങൾ ഉൾപ്പെടുന്നു. ചൈന, ഓസ്‌ട്രേലിയ, കാനഡ, ആന്റിഗ്വ, ക്യൂബ, ബ്രസീൽ, പോർച്ചുഗൽ, ഒമാൻ, ജർമ്മനി, ഫ്രാൻസ്, കൊറിയ, സ്‌പെയിൻ, വത്തിക്കാൻ, മലേഷ്യ, തായ്‌ലൻഡ്, യു.എ.ഇ എന്നിവ ഈ വിഭാഗത്തിലുള്ള രാജ്യങ്ങളാണ്. ജപ്പാൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവയാണ് ഡോളർ 25 നിരക്കിലെ ഇ – വിസ വിഭാഗത്തിലുള്ളത്.
ഇ – വിസ ലഭിക്കുന്ന സഞ്ചാരികൾക്ക് 16 ഇന്ത്യൻ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാം. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, അമൃത്‌സർ, ഡൽഹി, ഗോവ, മുംബയ്, ഹൈദരാബാദ് എന്നിവ ഈ വിമാനത്താവള പട്ടികയിൽ ഉൾപ്പെടുന്നു. ഈവർഷം ജനുവരി – സെപ്‌തംബർ കാലയളവിൽ രണ്ടു ലക്ഷത്തിലേറെ വിദേശ വിനോദ സഞ്ചാരികളാണ് ഇ – ടൂറിസ്‌റ്റ് വിസ പ്രയോജനപ്പെടുത്തി ഇന്ത്യയിലെത്തിയത്.