അഹ്മദാബാദ്: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വന്‍സാരക്കും പി.പി. പാണ്ഡെക്കും പ്രത്യേക സി.ബി.ഐ കോടതി ജാമ്യമനുവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ഭീകരരെന്ന് മുദ്രകുത്തി കോളജ് വിദ്യാര്‍ഥിനിയായ 19കാരി ഇസ്രത്ത് ജഹാന്, ജാവേദ് ശൈഖ് എന്ന പ്രശാന്ത് പിള്ള, അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ കൈംബ്രാഞ്ച് അന്വേഷണസംഘം വെടിവെച്ചുകൊന്നുവെന്നാണ് കേസ്.
ഗുജറാത്ത് പൊലീസും ഐ.ബിയും സംയുക്തമായി ആസൂത്രണംചെയ്ത വ്യാജ ഏറ്റുമുട്ടലായിരുന്നു അതെന്ന് സി.ബി.ഐ കണ്ടത്തെി. എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നാലുപേര്‍ക്ക് നേരത്തേ ജാമ്യം ലഭിച്ചു.
2004 ജൂണ്‍ 15ന് സംഭവം നടക്കുമ്പോള്‍ പാണ്ഡെ ക്രൈംബ്രാഞ്ച് ജോയന്റ് കമീഷണറും വന്‍സാര ഡെപ്യൂട്ടി കമീഷണറുമായിരുന്നു. ഡി.ജി. വന്‍സാര ഗുജറാത്തില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ട് എട്ടുവര്‍ഷമായി വന്‍സാര അഹ്മദാബാദ് ജയിലിലാണ്. ഡി.ഐ.ജിയായിരിക്കെ, സൊഹ്റാബുദ്ദീനെ വധിച്ച കേസില്‍ 2007 മാര്‍ച്ചിലാണ് വന്‍സാര അറസ്റ്റിലാവുന്നത്. അഡീഷനല്‍ ഡയറക്ടര്‍ ജനറലായിരിക്കെ സസ്പെന്‍ഡ് ചെയ്യപ്പെട്ട പാണ്ഡെ 18 മാസമായി ജയിലിലാണ്.