ഫൈസബാദ്:വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തിലായ കേന്ദ്ര മന്ത്രിമാരുടെ കൂട്ടത്തിലേക്ക് നിതിന്‍ ഗഡ്കരിയും. കഴിഞ്ഞ ദിവസം നടത്തിയ നിതിന്‍ ഗഡ്കരിയുടെ വര്‍ഗീയ പരാമര്‍ശം വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
രാമഭക്തരുടെ ഗവണ്മെന്റാണ് ഇപ്പോഴുള്ളതെന്നായിരുന്നു നിധിന് ഗഡ്കരിയുടെ പരാമര്‍ശം. രാമന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ജയ് ശ്രീറാം എന്നുച്ചരിക്കുന്ന രാമഭക്തരുടെ ഗവണ്മെന്റാണ് ഇപ്പോഴത്തേതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞത്. ഇവിടെ ഒരു റോഡ് പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനെതിരെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് മോഡി ഗവണ്മെന്റ് മാറി നിന്നിരുന്ന സമയത്താണ് നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം വന്നിരിക്കുന്നത്. നേരത്തേ പല ബി.ജെ.പി നേതാക്കളും നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പിടിച്ചുലച്ചിരുന്നു.
ബി.ജെ.പി എംപിമാരോട് പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ലക്ഷ്മണ രേഖ കടക്കരുതെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചിരുന്നു.
ഹൈന്ദവ മതത്തെ സംരക്ഷിക്കാന്‍ ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന പറഞ്ഞ എംപി സാക്ഷി മഹാരാജിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു.
അയോധ്യയെയും രാമന്റെ ഭാര്യായായ സീതയുടെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന നേപ്പാളിലെ ജനക്പുറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് 2,000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.