ഈജിപ്തില്‍ 185 പേര്‍ക്ക് വധശിക്ഷ

കെയ്‌റോ: പോലിസുകാരെ കൊലപ്പെടുത്തിയെന്ന കേസില്‍ 185 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ കെയ്‌റോയിലെ കെര്‍ദാസ നഗരത്തില്‍ കഴിഞ്ഞ ആഗസ്തില്‍ പോലിസുകാര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. സുരക്ഷാ വിഭാഗത്തിനെതിരേ കെയ്‌റോയില്‍ നടന്ന വലിയ അക്രമങ്ങളിലൊന്നായിരുന്നു സംഭവം.

പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച കോടതി രാജ്യത്തെ പ്രമുഖ മതപുരോഹിതന്റെ അനുമതി ലഭിച്ചശേഷമേ ശിക്ഷ നടപ്പാക്കൂവെന്നും വ്യക്തമാക്കി.

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പട്ടാളം അട്ടിമറിച്ചതിനെതിരേ സമരം തുടങ്ങിയവരുടെ രണ്ട് ക്യാംപുകള്‍ പോലിസ് പൊളിച്ചുനീക്കുകയും നൂറിലധികം പേരെ കൊലപ്പെടുത്തുകയും ചെയ്ത ദിവസം തന്നെയായിരുന്നു പോലിസുകാര്‍ക്കെതിരായ ആക്രമണവും. ഈജിപ്തില്‍ വധശിക്ഷ നടപ്പാക്കണമെങ്കില്‍ നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷമേ സാധിക്കുകയുള്ളൂ. മതകാര്യ കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

മാസങ്ങള്‍ക്കുമുമ്പ് രണ്ട് കൂട്ടവിചാരണയിലൂടെ 1200ഓളം പേരെ വധശിക്ഷക്കു വിധിച്ച സംഭവവും ഈജിപ്തിലുണ്ടായിരുന്നു. ഇതിലുള്ള പ്രതിഷേധം കെട്ടടങ്ങുംമുമ്പാണ് പുതിയ വിധി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 1000ത്തോളം പേരുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു.

Top