ഉക്രൈനില്‍ സമാധാന കരാര്‍ നടപ്പാകാതെ റഷ്യക്കെതിരായ ഉപരോധം നീക്കില്ല: ഇ യു

ബ്രസല്‍സ്: കിഴക്കന്‍ ഉക്രൈനില്‍ സമാധാന കരാര്‍ പൂര്‍ണമായി നടപ്പിലാകാതെ റഷ്യക്കെതിരായ സാമ്പത്തിക ഉപരോധം എടുത്തുകളയില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍. കിഴക്കന്‍ ഉക്രൈനിലെ സംഘര്‍ഷത്തില്‍ റഷ്യയുടെ ഇടപെടലുകളുള്ള സാഹചര്യത്തില്‍ രണ്ട് ദിവസങ്ങളായി ചേര്‍ന്ന 28 ഇ യു രാഷ്ട്രങ്ങളുടെ ഉന്നതതല സമ്മേളനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇ യു പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു.

അതേസമയം, കിഴക്കന്‍ ഉക്രൈനില്‍ തങ്ങളുടെ സൈനിക ഇടപെടലുണ്ടെന്ന ആരോപണം നിഷേധിച്ച റഷ്യ ഉപരോധം അനീതിയാണെന്ന് വ്യക്തമാക്കി. ഫെബ്രുവരിയില്‍ ഒപ്പ് വെച്ച മിന്‍സ്‌ക് കരാര്‍ പൂര്‍ണമായും നടപ്പിലാകുംവരെ ഉപരോധം തുടരുമെന്ന് ടസ്‌ക് പറഞ്ഞു. ഉടമ്പടി പ്രാബല്യത്തില്‍വരാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളോട് ഉക്രൈന്‍ ആവശ്യപ്പെട്ടു. ഇ യു സമ്മേളനത്തിന് മുന്നോടിയായി ഉക്രൈന്‍ പ്രധാനമന്ത്രി ആര്‍സിനി യാറ്റ്‌സെന്‍യുക് ടസ്‌കുമായി ചര്‍ച്ച നടത്തിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ ഉക്രൈന്റെ പേരില്‍ യൂറോപ്പിനെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് യാറ്റ്‌സെന്‍യുക് ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. യൂറോപ്പിന്റെ ഐക്യമാണ് ഇതിനുള്ള ശരിയായ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിന്‍സകില്‍ ഒപ്പ് വെച്ച വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളൊന്നും യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ പാസാക്കിയിട്ടില്ല. ഉക്രൈന്‍ സൈന്യവും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പോരാട്ടത്തില്‍ 6,00ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യക്കെതിരായ ഉപരോധത്തിന്റെ ഭാഗമായി ഇ യു വിസാ നിരോധവും സ്വത്ത് മരവിപ്പിക്കലും നടപ്പാക്കിയിട്ടുണ്ട്.

Top