ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് !

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡിവൈഎസ്പി എന്‍ അബ്ദുള്‍ റഷീദ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.

സംസ്ഥാനത്തെ ഡിവൈഎസ്പി മാരുടെയും പ്രമോട്ടി എസ്പിമാരുടെയും സംഘടനയായ സംസ്ഥാന പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയായാണ് കഴിഞ്ഞ ദിവസം റഷീദിനെ തെരഞ്ഞെടുത്തത്.

നേരത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പിബി പ്രക്ഷോഭാണ് പുതിയ ജനറല്‍ സെക്രട്ടറി.

2011 ഏപ്രില്‍ 16 നാണ് മാതൃഭൂമി കൊല്ലം യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്ന വി ബി ഉണ്ണിത്താനെതിരെ ശാസ്താംകോട്ടയില്‍ വച്ചാണ്‌ വധശ്രമം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താന്റെ ഒരു കാലിന്റെ ചലനശേഷി നഷ്ടമായിരുന്നു. ഇപ്പോഴും ചികിത്സ തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടയ്‌നര്‍ സന്തോഷിനെയും മറ്റ് ഗുണ്ടകളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കൃത്യം നടത്തിയ ഹാപ്പി രാജേഷ് ദുരൂഹ സാഹചര്യത്തില്‍ പിന്നീട് കൊല്ലപ്പെട്ടു.

പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കൊല്ലം പോലീസ് ക്ലബിലെ മദ്യസല്‍ക്കാരവുമായി ബന്ധപ്പെട്ടും മറ്റും വാര്‍ത്ത നല്‍കിയതാണ് ആക്രമണത്തിന് കാരണമായിരുന്നത്.

ഗുണ്ടകള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉണ്ണിത്താന്റെ കുടുംബവും പത്രപ്രവര്‍ത്തക യൂണിയനുമെല്ലാം ശക്തമായി രംഗത്തുവന്നതോടെ കേസ് ആദ്യം അന്വേഷിച്ച ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഡിവൈഎസ്പി സന്തോഷ് നായരെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പോലീസ് അന്വേഷണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കേസ് സിബിഐ ക്ക് വിടുകയാണുണ്ടായത്.

ഉണ്ണിത്താനെ ആക്രമിക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത കണ്ടയ്‌നര്‍ സന്തോഷിനെ മാപ്പു സാക്ഷിയാക്കിയ സിബിഐ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ നാടകീയമായി അറസ്റ്റു ചെയ്യുകയായിരുന്നു.

unnamed

മൂന്നു മാസത്തോളം ജയിലില്‍ റിമാന്റിലായിരുന്ന റഷീദിന്റെ സസ്‌പെന്‍ഷന്‍ മൂന്നു വര്‍ഷത്തിനുശേഷമാണ് ആഭ്യന്തര വകുപ്പ് ഇടപെട്ട് പിന്‍വലിച്ചിരുന്നത്.

നേരത്തെ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥനെ മാറ്റി ഇപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുസംബന്ധമായ അന്തിമ കുറ്റപത്രം ഇനിയും നല്‍കിയിട്ടില്ലെന്നിരിക്കെയാണ് അബ്ദുള്‍ റഷീദിന് ആഭ്യന്തര വകുപ്പും ഇപ്പോള്‍ പോലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷനും പദവികള്‍ നല്‍കി ‘ആദരിച്ചിരിക്കുന്നത്’.

റഷീദിന് മുന്‍പ് ഇതേ കേസില്‍ അറസ്റ്റിലായിരുന്ന ഡിവൈഎസ്പി സന്തോഷ് നായര്‍ ഇപ്പോഴും സസ്‌പെന്‍ഷനിലിരിക്കെയാണ് റഷീദിന് മുന്നില്‍ നിയമവും ചട്ടങ്ങളും വഴിമാറിയത്.

സംസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനെ മൃഗീയമായി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പിയെ ‘പ്രമോട്ടു ചെയ്യുന്ന’ ആഭ്യന്തര വകുപ്പിന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും നടപടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണിപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.

സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും ഈ അനീതിക്കെതിരെ പോരാടുമെന്ന് വി.ബി ഉണ്ണിത്താന്‍ വ്യക്തമാക്കി.

Top