ഉത്സവ സീസണില്‍ യാത്രാനിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് വിദേശ വിമാനക്കമ്പനികള്‍

മുംബൈ: ഉത്സവ സീസണ്‍ പ്രമാണിച്ച് വിദേശ വിമാനക്കമ്പനികള്‍ യാത്രാനിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, മലേഷ്യ എയര്‍ലൈന്‍സ് എന്നിവയാണ് യാത്രാനിരക്കില്‍ 30 ശതമാനംവരെ കിഴിവ് ഏര്‍പ്പെടുത്തിയത്.

നാട്ടില്‍ അവധി ആഘോഷിക്കാനെത്തുന്നവരെ ആകര്‍ഷിക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ഒക്ടോബര്‍ 29 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. 2016 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് കുറഞ്ഞനിരക്ക് ബാധകമാകും.

മുംബൈയില്‍നിന്ന് സിംഗപ്പൂരിലേയ്ക്കുള്ള ഇക്കണോമി ക്ലാസ് നിരക്കില്‍ 30 ശതമാനമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കുറവ് വരുത്തിയത്. 21,000 രൂപയ്ക്ക് മുംബൈയില്‍നിന്ന് സിംഗപ്പൂരിലേയ്ക്ക് പറക്കാം. ദീപാലവലിയുടെ അടുത്ത ദിവസമായ നവംബര്‍ 11 നും ഈ നിരക്കില്‍ യാത്രചെയ്യാം.

കോലാലംപൂര്‍, ബാങ്കോക്ക്, ജക്കാര്‍ത്ത, ബാലി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബിസിനസ് ക്ലാസിലെ യാത്രക്ക് മലേഷ്യ എയര്‍ലൈന്‍സ് ഈടാക്കുന്നത് 45,000 രൂപയാണ്. ഇക്കണോമി നിരക്കാകട്ടെ 16,990 മുതലാണ്. സാധാരണ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തോളം കിഴിവാണ് വാഗ്ദാനംചെയ്യുന്നത്.

ഖത്തര്‍ എയര്‍വെയ്‌സും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എത്യോപ്യന്‍ എയര്‍ലൈന്‍സ് ആഫ്രിക്കയിലേയ്ക്ക് 50 ശതമാനം നിരക്കിളവ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഓഫര്‍ ഒരു ടിക്കറ്റെടുത്താല്‍ ഒന്ന് സൗജന്യം എന്നാക്കി.

Top