എ.ഡി.ജി.പി മുഹമ്മദ് യാസിനും ഐ.ജി വിജയ് സാക്കറെയ്ക്കും ഒടുവില്‍ സിബിഐയുടെ ശാപമോക്ഷം

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ എഡി.ജി.പി മുഹമ്മദ് യാസിനെയും ഐ.ജി വിജയ്‌ സാക്കറെയും ഒഴിവാക്കി സി.ബി.ഐ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു.

ഇവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അതേസമയം കേസില്‍ ഒന്‍പതു പൊലീസുകാരെക്കൂടി പുതുതായി പ്രതിചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികള്‍ പതിനാലായി.

പാലക്കാട്ടെ പുത്തൂര്‍ സ്വദേശി ഷീലയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സമ്പത്താണ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവം നടക്കുമ്പോള്‍ വിജയ് സാക്കറെ പാലക്കാട് എസ്.പിയും മുഹമ്മദ് യാസിന്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുമായിരുന്നു.

ഒരു സ്ത്രീയെ ദാരുണമായി അരുംകൊല ചെയ്ത സംഭവത്തെക്കാള്‍ മാധ്യമങ്ങള്‍ പ്രാധാന്യം കൊടുത്തത് കൊലയാളിയുടെ കസ്റ്റഡി മരണമായിരുന്നു.

മരിച്ച സമ്പത്തിന്റെ സഹോദരനായിരുന്നു കേസുകള്‍ നടത്തിയിരുന്നത്.

പാലക്കാട് എസ്.പിയായിരുന്ന വിജയ് സാക്കറെയുമായി കുടിപ്പകയുണ്ടായിരുന്ന ചിലരാണ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സാക്കറെയെയും യാസിനെയും കുരുക്കാന്‍ അണിയറയില്‍ ചരടുവലിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

കോഴിക്കോട് കമ്മീഷണറായിരിക്കെ പൊലീസ് വാഹനം ദുരുപയോഗം ചെയ്ത ഉദ്യോഗസ്ഥരെ ഓടിച്ചിട്ട് പിടിച്ച് ആഭ്യന്തരവകുപ്പിനെ ഞെട്ടിച്ച ഉദ്യോഗസ്ഥനാണ് കര്‍ക്കശക്കാരനായി അറിയപ്പെടുന്ന വിജയ് സാക്കറെ.

Top