എം.പിമാര്‍ 44; വക്താക്കള്‍ 52; ചെറുതായിട്ടും വക്താക്കളുടെ എണ്ണം കൂട്ടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭയിലെ അംഗബലം 44 ആയി ചുരുങ്ങിയ കോണ്‍ഗ്രസ് പക്ഷേ പാര്‍ട്ടി വക്താക്കളുടെ എണ്ണം 52 ആയി വര്‍ധിപ്പിച്ചു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റും തൊഴിലില്ലാതായ നേതാക്കളെ പുനരധിവസിപ്പിക്കാനാണ് വക്താക്കളുടെ പട്ടിക വലുതാക്കിയതെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

നാലുപേര്‍ക്ക് മുതിര്‍ന്ന വക്താക്കളായി സ്ഥാനക്കയറ്റം. 17 പുതുമുഖങ്ങള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക നാവായി ചാനല്‍ ചര്‍ച്ചയിലും മറ്റും പങ്കെടുക്കാന്‍ 31 പേര്‍. കേരളത്തില്‍നിന്ന് പി.സി. ചാക്കോ എഐസിസി വക്താവായി തുടരും. മാധ്യമ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എഐസിസി സെക്രട്ടറി ടോം വടക്കന്‍ ഇതാദ്യമായി ഔദ്യോഗിക വക്താവായി.

പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അഭാവത്തിനിടയിലും വക്താക്കളുടെ പുതിയ പേരുകള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിഎംകെ വിട്ട് കോണ്‍ഗ്രസിലെത്തിയ നടി ഖുശ്ബുവാണ് പുതുമുഖങ്ങളില്‍ ഒരാള്‍. മലയാളി ബന്ധമുള്ള മധ്യപ്രദേശ് ഘടകത്തിലെ ശോഭ ഓജയും വക്താവായി തുടരും.

സി.പി. ജോഷി, അജയ്മാക്കന്‍, ഷക്കീല്‍ അഹമ്മദ്, സത്യവ്രത് ചതുര്‍വേദി എന്നിവര്‍ക്കാണ് മുതിര്‍ന്ന വക്താക്കളായി സ്ഥാനക്കയറ്റം കിട്ടിയത്. ആനന്ദ് ശര്‍മ, ഗുലാംനബി ആസാദ്, മുകുള്‍ വാസ്‌നിക്, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് ഇതുവരെ മുതിര്‍ന്ന വക്താക്കളായിരുന്നത്.

Top