എംബിബിഎസ് പാസായവര്‍ പ്രാക്ടീസ് നടത്താന്‍ യോഗ്യതാ പരീക്ഷ കൂടി വിജയിക്കണം

ന്യൂഡല്‍ഹി: എംബിബിഎസ് പാസായവര്‍ക്ക് പ്രാക്ടീസ് നടത്തണമെങ്കില്‍ യോഗ്യതാ പരീക്ഷ കൂടി ജയിക്കണമെന്ന നിബന്ധന കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് കരട് ശുപാര്‍ശ തയ്യാറാക്കി കഴിഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആയിരിക്കും പരീക്ഷ നടത്തുക.

ഡോക്ടര്‍മാരുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് യോഗ്യതാ പരീക്ഷസമ്പ്രദായം നടപ്പാക്കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ പേര്‍ ഉപരിപഠനത്തിനായുള്ള മെഡിക്കല്‍ പി.ജി. പ്രവേശന പരീക്ഷ എഴുതുന്നുണ്ടെങ്കിലും 25, 000 പേര്‍ മാത്രമാണ് യോഗ്യത നേടുന്നത്. ബാക്കിയുള്ളവര്‍ എംബിബിഎസ് ഡോക്ടറായി തന്നെ പ്രാക്ടീസ് തുടരും. രാജ്യത്തെ ഡോക്ടര്‍മാരുടെ നിലവാരം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യമാണിതെന്നാണ് കൗണ്‍സിലിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിലപാട്.

Top