എച്ച്1 എന്‍1 മരണനിരക്ക് ഉയരുന്നു; ഉത്തരേന്ത്യ ഭീതിയില്‍

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് രാജ്യത്ത് ഇതുവരെ 670 പേര്‍ മരിച്ചു. 10,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 191 പേരും, ഗുജറാത്തില്‍ 155 പേരും മധ്യപ്രദേശില്‍ 90 പേരുമാണ് രോഗബാധിതരായി മരിച്ചത്. ഗുജറാത്തില്‍ 255 പേര്‍ക്കുകൂടി എച്ച്1 എന്‍1 ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പനി പടര്‍ന്ന് പിടിക്കുമ്പോള്‍ ഉത്തരേന്ത്യ പനി പേടിയിലാണ്.

രോഗം പകരുന്ന ഡല്‍ഹിയില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ക്ക് തീവിലയാണ്. രോഗം വരാതിരിക്കാന്‍ ധരിക്കേണ്ട മാസ്‌ക്കുകള്‍ക്ക് 350 രൂപ മുതല്‍ 400 രൂപ വരെയാണ് വില. മരുന്നായ ടാമിഫ്‌ലു ഗുളിക ഒരെണ്ണത്തിന് വില 400 രൂപയോളമാണ്.

തലസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് ഇതിനോടകം ആറു പേര്‍ മരിച്ചു. 1679 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടാമിഫ്‌ലു എന്ന മരുന്നിന്റെ പത്തു ഗുളികകള്‍ അടങ്ങുന്ന ഒരു സ്ട്രിപ്പിന് 500 രൂപയാണ് യഥാര്‍ത്ഥ വില. ഇതാണ് കരിഞ്ചന്തയില്‍ ഒരു ഗുളികക്ക് 400 രൂപ നിരക്കില്‍ വില്‍ക്കുന്നത്. പനി ബാധിക്കാതിരിക്കാന്‍ ധരിക്കേണ്ട മാസ്‌ക് ഒന്നിന് 70 രൂപ മുതല്‍ 90 രൂപ വരെയാണ് വില. നിലവില്‍ ഇത് നാലിരട്ടി വിലക്കാണ് വില്‍ക്കുന്നത്.

Top