കൊച്ചി; കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് എ.ടി.കെ മോഹന്‍ബഗാന്‍. വീണുകിട്ടിയ സുവര്‍ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം പതുകിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇരുപകുതികളിലുമായി ലഭിച്ച അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതാണ് മത്സരഫലത്തില്‍ നിര്‍ണായകമായത്. കേരളത്തിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി രാഹുലും ഗോള്‍ കണ്ടെത്തിയപ്പോള്‍ എ.ടി.കെക്കായി പെട്രറ്റോസ് ഹാട്രിക്ക് നേടി.
ഐ.എസ്.എല്ലിലെ കരുത്തന്മാര്‍ തമ്മിലുള്ള പോട്ടത്തില്‍ ആദ്യം സ്കോര്‍ ചെയ്തത് കേരള ബ്ലാസ്റ്റേഴ്സാണ്. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കേരളത്തിന്റെ മുന്നേറ്റ നിര ആക്രമണം അഴിച്ചുവിട്ടു. കളിയുടെ ആറാം മിനുട്ടില്‍ത്തന്നെ കേരളം സ്കോര്‍ ചെയ്തു.
കഴിഞ്ഞ മത്സരത്തിലെ മിന്നും താരം ഇവാന്‍ കലിയുഷ്‌നിയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ബോക്‌സിന്റെ വലതു വിങ്ങില്‍ നിന്ന് സഹല്‍ നല്‍കിയ പാസ് ഒന്നാന്തരം ഫിനിഷലൂടെ കലിയുഷ്‌നി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. സീസണില്‍ ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി നേടുന്ന മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ സബ് ആയിറങ്ങി ഈസ്റ്റ് ബംഗാളിനെതിരെ ഇവാന്‍ ഇരട്ട ഗോള്‍ നേടിയിരുന്നു.
ഗോള്‍ വീണതോടെ ആക്രണത്തിന്റെ മൂര്‍ച്ച കൂട്ടി ബ്ലാസ്റ്റേഴ്സ് വീണ്ടും നീക്കങ്ങള്‍ നടത്തി. പക്ഷേ ഗോള്‍ മാത്രം അകന്നുനിന്നു. അതേസമയം മോഹൻ ബഗാൻ പതിയെ കളിയിലേക്ക് തിരികെവരികയായിരുന്നു. ഒടുവില്‍ 26ആം മിനുട്ടിൽ അവർ ആഗ്രഹിച്ച നിമിഷമെത്തി. കലൂരില്‍ ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തെയാകെ നിശബ്ദതയിലാഴ്ത്തി മോഹന്‍ ബഗാന്‍ സമനില ഗോള്‍ സ്കോര്‍ ചെയ്തു. ഇടതുവിങ്ങിലൂടെ ഹ്യൂഗോ ബൗമസ് നൽകിയ പാസ് പെട്രറ്റോസ് ഒഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. സ്കോര്‍ (1-1).