കുവൈറ്റ്: പ്രതിദിന എണ്ണ ഉത്പാദനത്തിനായി കുവൈറ്റ് മികച്ച പദ്ധതികള്‍ക്ക് രൂപം നല്കുന്നു. എണ്ണവാതക ഉത്പാദനവും റിഫൈനറികളുടെ ശേഷിയും വര്‍ധിപ്പിക്കുന്നതിന് 50,000 കോടി ഡോളര്‍ ചെലവഴിക്കുമെന്ന് കുവൈറ്റ് പെട്രോളിയം കോര്പ്പറേഷന് സി.ഇ.ഒ.യും ഡെപ്യൂട്ടി ചെയര്‍മാനുമായ നിസ്സാര്‍ അല്‍ അദസാനിയ വെളിപ്പെടുത്തി.
2040നകം എണ്ണ ഉത്പാദനശേഷി പ്രതിദിനം 47.5 ലക്ഷം ബാരല്‍ ആയി ഉയര്‍ത്തുന്നതിനാണ് പുതിയ പദ്ധതി ആവിഷ്കരിക്കുക. അതിനായി 50,000 കോടി ഡോളര്‍ ചെലവഴിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂലധന നിക്ഷേപത്തില്‍ 11,400 കോടി ഡോളര്‍ വര്‍ധനവ് ഉണ്ടാകുമെന്നും, തുടര്‍ന്ന് 2040 വരെയുള്ള കാലയളവില്‍ 39,400 കോടി ഡോളര്‍ ചെലവഴിക്കുമെന്നും കുവൈറ്റില്‍ സംഘടിപ്പിച്ച എന്‍ര്‍ജി സ്ട്രാറ്റജി ഫോറത്തില്‍ നിസ്സാര്‍ അല്‍ അദസാനി വെളിപ്പെടുത്തി. നിലവില്‍ രാജ്യത്തെ എണ്ണ ഉത്പാദനശേഷി പ്രതിദിനം 31 ലക്ഷം ബാരലാണ്.