എഴുത്തുകാരി ബി ഹൃദയകുമാരി അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരി പ്രൊഫസര്‍ ബി ഹൃദയകുമാരി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അധ്യാപിക, എഴുത്തുകാരി, വിദ്യാഭ്യാസ വിചക്ഷണ, സാംസ്‌കാരിക പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു ഹൃദയകുമാരി ടീച്ചര്‍. കേരളത്തിലെ വിവിധ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു. ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ സമിതി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള കരിക്കുലം കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989 ല്‍ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ടീച്ചര്‍. പ്രശസ്ത കവി ബോധേശ്വരന്റെ മകളും കവയിത്രി സുഗതകുമാരിയുടെ സഹോദരിയുമാണ്. കാല്‍പ്പനികത എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, ഗുപ്തന്‍ നായര്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ‘നന്ദിപൂര്‍വം’ ആത്മകഥയാണ്.

Top