എസ്.പിയുടെ റിപ്പോര്‍ട്ട് മാണിക്ക് മാത്രമല്ല വിജിലന്‍സ് ഡയറക്ടര്‍ക്കും കുരുക്കായേക്കും

തിരുവനന്തപുരം : ബാര്‍ കോഴ അന്വേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ക്കിടയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ നവംബര്‍ 30-ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും.

ബാര്‍ കോഴ കേസില്‍ കോടതി ഇടപെടലും തുടരന്വേഷണവും ഉണ്ടാവുകയാണെങ്കില്‍ വിജിലന്‍സ് ഡയറക്ടറുടെ കസേരയില്‍ ഇല്ലെങ്കിലും മാണിയെ കുറ്റവിമുക്തനാക്കിയ സാഹചര്യം വിന്‍സന്‍ എം.പോളിന് വിശദീകരിക്കേണ്ടിവരും.

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്ന എസ്.പി. സുകേശന്റെ വസ്തുതാവിവര റിപ്പോര്‍ട്ട് കോടതിയില്‍ ബാറുടമ ബിജു രമേശിനും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പിടിവള്ളിയാകുമെന്നാണ് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ മാണിയെ കുറ്റവിമുക്തമാക്കിയ സാഹചര്യം കോടതിയില്‍ വിന്‍സന്‍ പോളിന് ബോധ്യപ്പെടുത്തേണ്ടി വരും.

കോടതി നടപടി ക്രമങ്ങള്‍ നീണ്ടാലും സര്‍വ്വീസില്‍ നിന്ന് വിരമിച്ചാലും വിന്‍സന്‍ എം.പോളിന് ബാര്‍കോഴ കേസ് തലവേദനയാകുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ബാറുടമകളില്‍ നിന്ന് കെ.എം.മാണി രണ്ട് തവണകളായി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-ന് 15 ലക്ഷം പാലായില്‍ വച്ചും ഏപ്രില്‍ 2-ന് 10 ലക്ഷം തിരുവനന്തപുരത്ത് വച്ചും വാങ്ങിയതിന് തെളിവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും ശ്രീവല്‍സനും നുണ പരിശോധനയ്ക്ക് ഹാജരാകാത്തത് സംശയകരമാണെന്നും ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമാണെന്ന് നുണ പരിശോധനയില്‍ വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കെ.എം. മാണിയുടെയും രാജ്കുമാര്‍ ഉണ്ണിയുടെയും മൊഴിയില്‍ പ്രകടമായ വൈരുദ്ധ്യമുണ്ടെന്ന കണ്ടെത്തലും അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിലുണ്ട്. എസ്.പി. സുകേശന്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി വിന്‍സന്‍ എം.പോള്‍ മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നത്.

മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ബാറുടമ ബിജു രമേശ് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ കോടതിയെ സമീപിച്ചിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

പ്രമുഖ കേബിള്‍ ടി.വി ശൃംഖലയുമായി ബന്ധപ്പെട്ട ഉന്നതന്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായ സുബ്ബയ്യയുടെ കാലത്ത് എടുത്ത കേസില്‍ പ്രതിയെ കുറ്റവിമുക്തമാക്കിയ നടപടി അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്വീകരിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടുകള്‍ ശരിവച്ചാണ് വിജിലന്‍സ് കോടതി പ്രതിക്കെതിരെ നടപടിയെടുത്തിരുന്നത്.

ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാട്ടി നിയമപോരാട്ടം നടത്താനാണ് ഹര്‍ജിക്കാരുടെ നീക്കം. ഇതുവരെയുള്ള സര്‍വ്വീസില്‍ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വിന്‍സന്‍ എം. പോളിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത് സഹപ്രവര്‍ത്തകന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് എന്നതാണ് ശ്രദ്ധേയം.

ബിജു രമേശുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധമുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതില്‍ അത്ഭുതമില്ലെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നത്.

എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പ്രതിപക്ഷവും പ്രതിരോധിക്കാന്‍ ഭരണപക്ഷവും ശക്തമായി രംഗത്തിറങ്ങിയതോടെ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്നത് വിജിലന്‍സ് വകുപ്പാണ്.

Top