എസ്എന്‍ഡിപി കൂട്ടുകെട്ട് : ആവേശത്തോടെ ബിജെപി അണികള്‍;മുന്നണികള്‍ക്ക് ആശങ്ക

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കാനുള്ള ബിജെപി തീരുമാനത്തില്‍ അണികള്‍ ആവേശത്തില്‍.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അടക്കം നല്ലൊരു ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചരിത്ര വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി അണികള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് പത്ത് സീറ്റ് നേടുക മാത്രമല്ല, കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതും ബിജെപി മുന്നണിയായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആര്‍എസ്എസും ബിജെപി മുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങുന്നുവെന്നത് വലിയ പ്രതീക്ഷയാണ് അണികള്‍ക്ക് നല്‍കുന്നത്.

സിപിഎമ്മുമായി നിരന്തരം ഏറ്റുമുട്ടുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളേയും പ്രധാന രാഷ്ട്രീയ ‘ഏറ്റുമുട്ടലിന്റെ’ വേദിയായാണ് നോക്കി കാണുന്നത്.

കായികപരമായി മാത്രമല്ല ബാലറ്റ് പോരാട്ടത്തിലും സിപിഎമ്മിനോട് തോല്‍ക്കാന്‍ മനസ്സില്ലെന്ന ഉറച്ച നിലപാടിലാണവര്‍.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ക്രിമിനലുകളായി സിപിഎം ചിത്രീകരിക്കുന്ന സാഹചര്യത്തില്‍ പൊതു സമ്മതരായ വ്യക്തികളെയാവണം പരമാവധി ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തേണ്ടതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇക്കാര്യത്തില്‍ എസ്എന്‍ഡിപിയുടെ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായവും പരിഗണിക്കും.

ഇരുമുന്നണികളും മാറിമാറി ഭരിച്ചതാണ് കേരളത്തിന്റെ വികസന മുരടിപ്പിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചരണത്തിനാണ് മൂന്നാം ബദല്‍ പ്രാമുഖ്യം നല്‍കുന്നത്.

അതോടൊപ്പം തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്നണി ഭരണത്തില്‍ കിട്ടുന്ന ആനുകൂല്യം ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കാത്തതും പ്രധാന പ്രചരണായുധമാക്കും.

പ്രധാനമായും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പിന്നോക്ക വിഭാഗത്തെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ വോട്ട് ബാങ്ക് പൊളിച്ചാല്‍ മാത്രമെ തങ്ങള്‍ക്ക് മുന്നേറാന്‍ കഴിയൂ എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

സിപിഎമ്മുമായി ശാരീരികമായ ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശവും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷമുണ്ടായാല്‍ സിപിഎമ്മിനെ പിന്‍തുണക്കുന്ന ജന വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ, ആര്‍എസ്എസ് താത്വികാചാര്യന്‍ ഗുരുമൂര്‍ത്തി എന്നിവര്‍ നേരിട്ട് ഇടപെട്ട് ഉണ്ടാക്കിയ സഖ്യമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ അടിപതറിയാല്‍ അത് രാഷ്ട്രീയപരമായി നിലനില്‍പ്പിന് തന്നെ അപകടമാണെന്നതിനാല്‍, വിജയം മാത്രം ലക്ഷ്യമിട്ട് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്ന സ്വപ്ന സാക്ഷാത്കാരത്തിന് നിര്‍ണ്ണായകമായതിനാല്‍ ആവനാഴിയിലെ മുഴുവന്‍ അസ്ത്രവും ഉപയോഗിക്കാനാണ് ബിജെപിയുടെ തീരുമാനം,

എസ്എന്‍ഡിപി യോഗത്തിലാകട്ടെ വെള്ളാപ്പള്ളി നടേശന്റെ സംഘടനയിലെ നിലനില്‍പ്പിനും മികച്ച പ്രകടനം അനിവാര്യമാണ്.

Top