തിരുവനന്തപുരം: കേരളം ഇന്നു മുതല്‍ പരീക്ഷാ ചൂടില്‍. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങും. സംസ്ഥാനത്ത് 4,68,495 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,964 പരീക്ഷാ സെന്ററുകളാണ് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഈ മാസം 23നു സമാപിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 1.45 നാണു പരീക്ഷ തുടങ്ങുന്നത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും ഇന്നു തുടങ്ങും. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ 2008 പരീക്ഷാകേന്ദ്രങ്ങളിലായി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,04,382 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നു. ഇതില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്ക് 4,51,452 പേരും പ്ലസ് ടു പരീക്ഷയ്ക്ക് 4,32,760 കുട്ടികളുമാണ് റെഗുലര്‍ വിഭാത്തിലുള്ളത്. കമ്പാര്‍ട്ട്‌മെന്റര്‍ വിഭാഗത്തില്‍ 20,170 വിദ്യാര്‍ഥികളുമുണ്ട്.
എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത് മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ നിന്നാണ.് 24,446 വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി മലപ്പുറം മുന്നില്‍ നില്ക്കുമ്പോള്‍ 2,455 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന കുട്ടനാടാണു ഏറ്റവും കുറവു വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത.് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍ മല പ്പുറം എടരിക്കോട് പികെഎം എച്ച്എസ്എസാണ്. 2,118 പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കുട്ടികള്‍ കുറവ് ബേപ്പൂര്‍ ജിആര്‍എച്ച്എസിലാണ്. രണ്ടു പേരാണ് ഇവിടെ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം 31ന് ആരംഭിക്കും. 54 മൂല്യനിര്‍ണയ ക്യാമ്പുകളാണുള്ളത്. ഏപ്രില്‍ 16നു ഫലപ്രഖ്യാപനം നടത്തും.