ഇഞ്ചിയോണ്‍: ഇഞ്ചിയോണ്‍ നഗരം ഗെയിംസ് ആരവത്തിലലിഞ്ഞുകഴിഞ്ഞു. പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന് ഇന്ന് തിരി തെളിയും. കൊറിയന്‍ പ്രാദേശികസമയം വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ലോകപ്രശസ്ത കൊറിയന്‍ സംവിധായന് ലിം ക്വോണ്‍ ടാകിനാണ് ഉദ്ഘാടനച്ചടങ്ങിന്റെ ചുമതല.
ദക്ഷിണകൊറിയയുടെ തുറമുഖ നഗരമായ ഇഞ്ചോണില്‍ 16 ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളയില്‍ 45 രാജ്യങ്ങളില്‍ നിന്ന് 439 മെഡല്‍ ഇനങ്ങളില്‍ 9429 കായികതാരങ്ങളാണ് പങ്കെടുക്കുക.ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കും ഫീല്ഡുമുണരാന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2016 റിയോ ഒളിമ്പിക്സ് മുന്നില്‍ കണ്ടാകും കായികതാരങ്ങള്‍ ഇഞ്ചിയോണിലെ പോരാട്ടവേദിയില്‍ മാറ്റുരക്കുക.
ചൈന തന്നെയാണ് ഇത്തവണയും കിരീടസാദ്ധ്യതയില്‍ മുന്നില്‍. 1982 മുതല്‍ തുടര്‍ച്ചയായി എട്ട് തവണ ചാമ്പ്യന്മാരായ ചൈന ഒമ്പതാം കിരീടം ലക്ഷ്യമിട്ടാകും ഇഞ്ചിയോണില്‍ എത്തുക. നിലവിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണകൊറിയയും മൂന്നാമതുള്ള ജപ്പാനും ചൈനയെ മറികടക്കുകയെന്ന ലക്ഷ്യവുമായാകും കളത്തിലിറങ്ങുമ്പോള്‍ ആറാം സ്ഥാനം മെച്ചപ്പെടുത്തുകയെന്നതാകും ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.
2010 ഗ്വാങ്ഷു ഏഷ്യാഡില്‍ 199 സ്വര്‍ണവും 119 വെള്ളി 98 വെങ്കലവുമടക്കം 416 മെഡലുകള്‍ സ്വന്തമാക്കിയ ചൈനയ്ക്ക് ഇത്തവണ കാര്യമായ വെല്ലുവിളിയുയര്‍ത്തുക ആതിഥേയരായ ദക്ഷിണകൊറിയയാകും. 2010-ല്‍ 76 സ്വര്‍ണമടക്കം 232 മെഡലുകള്‍ കൊറിയ സ്വന്തമാക്കിയിരുന്നു. ആതിഥേയരെന്ന ആനുകൂല്യം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകളുമായി കഴിഞ്ഞതവണ ഇന്ത്യ ആറാമതായിരുന്നു. ഇത്തവണ 70-75 മെഡലുകളാണ് ഇന്ത്യന്‍ ജംബോ സംഘത്തിന്റെ ലക്ഷ്യം.