ഐ.എസ്.എല്‍: അത്‌ലറ്റികോ വീണു

കൊല്‍ക്കത്ത: പരാജയമറിയാതെ കുതിക്കുകയായിരുന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ പൂനെ സിറ്റി എഫ്.സി വീഴ്ത്തി. സ്വന്തം കാണികളുടെ മുന്നിലായിരുന്നു ടൂര്‍ണമെന്റില്‍ അത്‌ലറ്റികോയുടെ ആദ്യ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പൂനെയുടെ വിജയം.ഡുഡു ഒമാഗ്‌ബെനി, കോസ്റ്റാസ് കറ്റ്‌സോറാനിസ്, ഡേവിഡ് കൊളോംബ എന്നിവര്‍ പൂനെക്കായി വലകുലുക്കിയപ്പോള്‍ ഫിക്രുവിന്റെ വകയായിരുന്നു അത്‌ലറ്റികോയുടെ ആശ്വസഗോള്‍.

35ാം മിനിറ്റിലായിരുന്നു അത്‌ലറ്റികോയെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് ഡുഡുവിലൂടെ പൂനെ ആദ്യ ഗോള്‍ നേടിയത്. ഡേവിഡ് കൊളോംബ ഇടതുഭാഗത്തു നിന്നും നല്‍കിയ മനോഹരമായ ഒരു ക്രോസ് ഹെഡ്ഡറിലൂടെ ഡുഡു വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് 55ാം മിനിറ്റില്‍ കറ്റ്‌സോറാനിസ് പൂനെയുടെ ലീഡുയര്‍ത്തി. പന്തുമായി മൈതാനത്തിന്റെ മദ്ധ്യത്തുനിന്നും മുന്നേറ്റമാരംഭിച്ച കറ്റ്‌സോറാനിസ് ഒരു ലോങ് ഷോട്ടിലൂടെയായിരുന്നു വല കുലുക്കിയത്.

83ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ടി കിക്കിലൂടെയായിരുന്നു കൊല്‍ക്കത്തയുടെ മറുപടി ഗോള്‍. കിക്കെടുത്ത ഫിക്രു ടെഫേര ലക്ഷ്യം കണ്ടതോടെ അത്‌ലറ്റികോയുടെ സ്്‌കോര്‍ ബോര്‍ഡില്‍ ആദ്യ ചലനം കാണുകയും ഒപ്പം മൂന്ന് ഗോളുകളോടെ ഗോള്‍ പട്ടികയില്‍ ഫിക്രു മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

വിജയം ഏതാണ്ടുറപ്പിച്ച ഘട്ടത്തിലും വിട്ടുകൊടുക്കാന്‍ പൂനെ തയ്യാറായിരുന്നില്ല. 89ാം മിനിറ്റില്‍ തങ്ങളുടെ കരുത്തറിയിച്ച മറ്റൊരു ഗോള്‍ കൂടെ സ്വന്തമാക്കിയായിരുന്നു പൂനെ കളിയവസാനിപ്പിച്ചത്.

ഫ്രീ കിക്കെടുത്ത കൊളോംബയ്ക്കു മുന്നില്‍ കൊല്‍ക്കത്ത തീര്‍ത്ത പ്രതിരോധ മതില്‍ ഭേദിച്ച് പന്ത് ലക്ഷ്യം കാണുകയായിരുന്നു.കളിയുടെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയത് പൂനെയായിരുന്നെങ്കിലും അവസാന മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ പൂനെക്ക് ചെറുതായി മുട്ടുവിറച്ചു.

Top