ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം വിജയത്തോടെ എഫ്.സി ഗോവ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കി. ഇന്നലെ നടന്ന മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ചെന്നൈയ്ന്‍ എഫ്.സിയെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗോവ പരാജയപ്പെടുത്തിയത്. റോമിയോ ഫര്‍ണാണ്ടസ്, ആന്ദ്രെ സാന്റോസ്, മിറോസാവ് സ്ലെപിക്ക എന്നിവര്‍ ഗോവക്കായി വല ചലിപ്പിച്ചപ്പോള്‍ യൂഡസ് മോറിസിലൂടെയായിരുന്നു ചെന്നൈയുടെ ആശ്വസ ഗോള്‍.
23ാം മിനിറ്റില്‍ റോമിയോയിലൂടെയായിരൂന്നു ഗോവ അക്കൗണ്ട് തുറന്നത്. ഗോവന്‍ താരം മന്ദര്‍ റാവോ ദേശായി ബോക്‌സിനു പുറത്തുനിന്നു തൊടുത്തു വിട്ട ഒരു ഷോട്ട് പോസ്റ്റിന് തട്ടി തെറിച്ചപ്പോള്‍ ലഭിച്ച അവസരത്തെ റോമിയോ ഗോളാക്കി മാറ്റുകയായിരുന്നു. തൂടര്‍ന്ന ആദ്യ പകുതിയില്‍ തന്നെ ഗോവ രണ്ടാമതും വലകുലുക്കി. 41 ാം മിനിറ്റില്‍ സാന്റോസായിരുന്നു ഗോവയുടെ ലീഗ് രണ്ടാക്കി ഉയര്‍ത്തിയത്. സ്ലെപ്പിക്കയുടെ സഹായത്തോടുകൂടിയായിരുന്നു സാന്റോസ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ 62 ാം മിനിറ്റില്‍ ഗോവ തങ്ങളുടെ മൂന്നാം ഗോളും സ്വന്തമാക്കി. ഇത്തവണ സ്ലെപ്പിക്കയായിരുന്നു ഗോല്‍ സൃഷ്ടിച്ചത്. നാരായണ്‍ ദാസിന്റെ ഒരു മിന്നല്‍ വേഗത്തിലുള്ള ഷോട് ചെന്നൈ ഗോളി തട്ടിയകറ്റിയതിനു തൊട്ടു പിന്നാലെ ഗോളിയെ കാഴ്ചക്കാരനാക്കി സ്ലെപ്പിക്ക ലക്ഷ്യം കാണുകയായിരുന്നു.
ഇഞ്ചുറി ടൈമിലായിരുന്നു ചെന്നൈയുടെ ആശ്വാസഗോള്‍ ജോര്‍ഡിക് നല്‍കിയ മികച്ച ഒരു പാസിനെ അനായാസം യൂഡസ് വലയിലേക്കെത്തിച്ചു. പരാജയപ്പെട്ടെങ്കിലും ചെന്നൈ തന്നെയാണ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ മുന്നില്‍.13 മല്‍സരങ്ങളില്‍ നിന്നായി ആറു വിജയവും നാല് സമനിലകളും മൂന്ന് തോല്‍വിയുമടക്കം 22 പോയിന്റുകളാണ് ചെന്നൈക്കുള്ളത്. ജയത്തോടെ മൂന്ന് പോയിന്റുകള്‍ ചേര്‍ത്ത ഗോവ 21 പോയിന്റുകളുമായി തൊട്ടു പിന്നിലുണ്ട്. 13 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവ ആറ് വിജയങ്ങളും മൂന്ന് സമനിലയും നാല് തോല്‍വികളുമടക്കമാണ് 21 പോയിന്റ് നേടിയത്.