ഐ.എസ്. വേട്ട: സഖ്യസേനയോടൊപ്പം കാനഡയും ചേര്‍ന്നു

ബഗ്ദാദ്: ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് സംഘത്തിനെതിരേ യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ കാനഡയും പങ്കാളികളായി. കനേഡിയന്‍ വ്യോമസേന വ്യാഴാഴ്ച ഇറാഖിലെത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ആക്രമണങ്ങളില്‍ പങ്കാളികളായത്. ഫലൂജയിലെ ഐ.എസ്. കേന്ദ്രങ്ങളില്‍ കാനഡയുടെ സിഎഫ്-18 പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതായി പ്രതിരോധമന്ത്രി റോബ് നിച്ചല്‍സണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഐ.എസ്. 200ലധികം ഗോത്രവര്‍ഗക്കാരെ വധശിക്ഷയ്ക്ക് ഇരയാക്കിയതായി ഇറാഖി ഉദ്യോഗസ്ഥരും ഗോത്രവര്‍ഗനേതാക്കളും അറിയിച്ചു. ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലാണ് സുന്നി അല്‍ബു നിമ്ര് ഗോത്രവര്‍ഗക്കാരെ ഐ.എസ്. വധിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് എല്ലാ വധശിക്ഷയും നടപ്പാക്കിയത്. എന്നാല്‍, വധശിക്ഷയുടെ ഉത്തരവാദിത്തം ഇതുവരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടില്ല.

Top