തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായ ഐ ടി പരീക്ഷക്ക് വേണ്ടിയുള്ള പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സി ഡികളിലാക്കി നല്‍കിയത് പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന് പരീക്ഷാ സെക്രട്ടറി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പെന്‍ഡ്രൈവില്‍ ഐ ടി പരീക്ഷയുടെ ചോദ്യ പേപ്പര്‍ പകര്‍ത്തിയെടുക്കുന്നതിന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും പരീക്ഷാ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷാ ചോദ്യപേപ്പര്‍ സി ഡികളിലാക്കി നല്‍കിയതിനെതിരെ വ്യാപക വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷാ സെക്രട്ടറി വിശദമായ മറുപടി അറിയിച്ചിരിക്കുന്നത്.