ദുബായ്: ഇറാക്കിലും സിറിയയിലും ഭരണം പിടിച്ചടക്കാന്‍ ശ്രമിക്കുന്ന സുന്നി ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്തുണ നല്‍കാന്‍ അല്‍ ക്വയ്ദയുടെ ആഹ്വാനം. ഇരു ഭീകരസംഘടനകളും പരസ്പരം യോജിപ്പിലല്ലെന്ന സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തലിനിടെയാണ് ആഗോള തലത്തില്‍ ഭീഷണി കൂടുതല്‍ ശക്തമാകുന്നുവെന്ന സൂചനയായി അല്‍ ക്വയ്ദയുടെ നീക്കം. ഐഎസിനെതിരായ ഒരു നീക്കത്തിലും ഏര്‍പ്പെടരുതെന്നും അല്‍ ക്വയ്ദ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഭീകരര്‍ക്ക് നിര്‍ദേശം നല്‍കി.
ആഗോള തലത്തില്‍ മുഴുവന്‍ മുസ്ലിം പോരാളികളും എല്ലാ ഭിന്നതകളും നീക്കിവച്ച് പരസ്പരമുള്ള പോരാട്ടങ്ങള്‍ ഒഴിവാക്കി ഒന്നിക്കണമെന്നാണ് അല്‍ ക്വയ്ദയുടെ ആഹ്വാനം. മുഴുവന്‍ മുസ്ലിംകളും അവരുടെ നാവും സമ്പത്തും ആത്മാവും ഉപയോഗിച്ച് ജിഹാദിസ്റ്റുകളെ പിന്തുണയ്ക്കണമത്രെ.
ക്രിസ്ത്യാനികളും ഇറേനികളും ചതിയന്മാരായ ചില നേതാക്കളും ചേര്‍ന്ന് ഇസ്ലാമിനെതിരേ നടത്തുന്ന യുദ്ധമാണു സിറിയയിലും ഇറാക്കിലും നടക്കുന്നത്. നാല് അറബ് രാഷ്ട്രങ്ങളും യുഎസ് നേതൃത്വത്തില്‍ അറുപതോളം രാജ്യങ്ങളുമാണു യുദ്ധത്തിനു നേതൃത്വം നല്‍കുന്നതെന്നും ഇതിനെതിരേ ഒന്നിക്കണമെന്നും അല്‍ ക്വയ്ദ പ്രസ്താവന പുറത്തിറക്കി.