ലണ്ടന്‍: തീവ്രവാദി സംഘടന ഐഎസ്ഐഎസിനെതിരേ അമെരിക്ക പ്രഖ്യാപിച്ച യുദ്ധത്തില്‍ പങ്കാളിയാകാന്‍ ബ്രിട്ടനും തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച പ്രമേയം പാസായി. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ 43 നെതിരേ 524 വോട്ടിനാണു പ്രമേയം പാസായത്. കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമൊക്രറ്റിക്, ലേബര്‍ പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണച്ചു. അതേസമയം സിറിയയില്‍ നടത്തുന്ന ഇടപെടലുകളില്‍ ചില എംപിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ അമെരിക്കയ്ക്കൊപ്പം ബ്രിട്ടണും സിറിയ, ഇറാക്ക് മേഖലകളില്‍ വ്യോമാക്രമണം നടത്തും. സൗദി, യുഎഇ എന്നിവയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ ഇപ്പോള്‍ അമെരിക്കയ്ക്കൊപ്പമുണ്ട്. ബെല്‍ജിയവും അമെരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ആറ് എഫ്16 വിമാനങ്ങള്‍ വിട്ടു കൊടുത്തതായി ബെല്‍ജിയം സര്‍ക്കാര്‍ അറിയിച്ചു.