നോട്ടിംഗ്ഹാം: ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തെത്തി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയതോടെയാണ് സ്മിത്ത് ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നത്.
ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും സമ്പൂര്‍ണ പരാജയമായ സ്മിത്ത് പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള വിരാട് കൊഹ്‌ലി മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം.
ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഹാഷിം അംല(4), കുമാര്‍ സംഗക്കാര(), എയ്ഞലോ മാത്യൂസ്(6), യൂനിസ് ഖാന്‍(7), കെയ്ന്‍ വില്യാംസണ്‍(8), ക്രിസ് റോജേഴ്‌സ്(9) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.
ആഷസ് പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് റൂട്ടിന് ഒന്നാം സ്ഥാനം സമ്മാനിച്ചത്. രണ്ട് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയമടക്കം 73.83 റണ്‍സ് ശരാശരിയുമായി 443 റണ്‍സുമായി ആഷസ് പരമ്പരയിലെ ടോപ് സ്‌കോററാണിപ്പോള്‍ റൂട്ട്.
കരിയറിലാദ്യമായി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നെങ്കിലും സ്മിത്ത് നേടിയ 936 റേറ്റിംഗ് പോയന്റിനടുത്തെത്താന്‍ റൂട്ടിനായിട്ടില്ല. 917 റേറ്റിംഗ് പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള റൂട്ടിനിപ്പോഴുള്ളത്.