ചെന്നൈ:ജയലളിതക്ക് പകരം ഒ പനീര്‍സെല്‍വം തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയാകും.ചെന്നൈയില്‍ ഇന്ന് ചേര്‍ന്ന എ ഐ എ ഡി എംകെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നിലവില്‍ തമിഴ്‌നാട് ധനകാര്യവകുപ്പ് മന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമാണ് ഒ.പനീര്‍ശെല്‍വം. ജയലളിത പാര്‍ട്ടി നേതൃത്വത്തിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നായിരുന്നു സൂചനകള്‍. നാളെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
2001ല്‍ താന്‍സി ഇടപാട് കേസില്‍ ജയലളിത രാജി വച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത് പനീര്‍ ശെല്‍വം ആയിരുന്നു. അന്ന് രാജി വച്ചെങ്കിലും അണിയറയില്‍ ഭരണം നിയന്ത്രിച്ചത് ജയലളിതയായിരുന്നു.
ഇന്നലെയാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിതക്കെതിരെ കോടതി വിധി വന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്ടപ്പെട്ടത്.
ബാംഗ്ലൂരില്‍ വിധി കേള്‍ക്കാനെത്തുമ്പോഴും തനിയ്‌ക്കൊപ്പം ജയലളിത കൂട്ടിയത് വിശ്വസ്തനായ പനീര്‍ ശെല്‍വത്തെ ആണ്. സെന്തില്‍ ബാലാജി, എംസി സമ്പത്ത്, നവനീത കൃഷ്ണന്‍, രഖി ബെര്‍ണാഡ്, വിശാലാക്ഷി നെടുഞ്ചേഴിയന്‍, വിശ്വനാഥന്‍, മലയാളിയും മുന്‍ ചീഫ്‌സെക്രട്ടറിയുമായ ഷീല ബലകൃഷ്ണന്‍ എന്നിവരെയും ജയലളിത മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
2001ല്‍ അഴിമതിക്കേസില്‍ ജയലളിതയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ അവര്‍ തന്നെയാണ് അന്നു തീര്‍ത്തും ജൂനിയറായ ഒ.പനീര്‍ ശെല്‍വത്തെ നിയോഗിച്ചത്. തുടര്‍ന്നു തന്റെ ഔട്ട്ഹൗസിലേക്ക് പനീര്‍ശെല്‍വത്തിന്റെ താമസം മാറ്റുകയും തനിക്കിഷ്ടപ്പെട്ട പൊതുഭരണമുള്‍പ്പെടെ വകുപ്പുകള്‍ അദ്ദേഹത്തിനു നല്‍കുകയും ചെയ്ത ജയ പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കുകയും ആയിരുന്നു.