ഒരേ പ്രണയജോഡികള്‍ രണ്ടു സിനിമകള്‍

അടുപ്പിച്ച് റിലീസ് ചെയ്യുന്ന രണ്ടു സിനിമകള്‍. ഒന്നു സംവിധാനം ചെയ്യുന്നത് ഇന്ത്യന്‍ സിനിമയിലെ അതികായനായ സംവിധായകന്‍ മണിരത്‌നം. മറ്റൊന്നു പുതുമുഖ സംവിധായകന്‍ ജുനൂസ് മുഹമ്മദ്. പക്ഷേ രണ്ടിലും പ്രണയിക്കുന്നത് അവര്‍ രണ്ടു പേരും, ദുല്‍ക്കര്‍ സല്‍മാനും നിത്യാ മേനോനും. അപ്രതീക്ഷിതമായി സംഭവിക്കുന്ന കൗതുകമാണു വരുന്ന ദിവസങ്ങളില്‍ കേരളത്തിലെ തിയെറ്ററുകളില്‍ സംഭവിക്കാന്‍ പോകുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍, നിത്യാമേനോന്‍ ജോഡികള്‍ പ്രധാന വേഷത്തില്‍ എത്തുന്ന രണ്ടു ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നത്. മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയും ജുനൂസ് മുഹമ്മദിന്റെ 100 ഡേയ്‌സ് ഒഫ് ലൗവും. രണ്ടും പ്രണയ ചിത്രങ്ങള്‍ തന്നെ.

ഇന്ത്യന്‍ സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി പ്രണയ കഥകള്‍ സമ്മാനിച്ച സംവിധായകനാണ് മണിരത്‌നം. പ്രണയത്തിന്റെയും വിരഹത്തിന്റെയും അനുഭൂതി മലയാളിക്ക് പകര്‍ന്നു നല്‍കിയ സംവിധായകന്‍ കമിലിന്റെ മകനാണ് ജുനൂസ് മുഹമ്മദ്. ജുനൂസിന്റെ ആദ്യ സിനിമ കൂടിയാണ് 100 ഡേയ്‌സ് ഒഫ് ലൗ.

വലിയ പ്രതീക്ഷയോടെയാണ് ഒകെ കണ്‍മണിയെ തെന്നിന്ത്യയിലെ യുവത്വം കാത്തിരിക്കുന്നത്. ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യും. അലൈപായുതേയ്ക്ക് ശേഷം മണിരത്‌നത്തില്‍ നിന്നും നല്ലൊരു പ്രണയ ചിത്രമുണ്ടായിട്ടില്ല. കണ്‍മണിയുടെ ട്രെയ്‌ലര്‍ മികച്ചൊരു റൊമാന്റിക് ചിത്രത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. എ.ആര്‍. റഹ്മാന്‍ വൈരമുത്തു ടീമിന്റേതാണ് ഗാനങ്ങള്‍. മണിരത്‌നം ചിത്രത്തില്‍ എ.ആര്‍. റഹ്മാന്‍ ഒരുക്കുന്ന പാട്ടുകള്‍ക്ക് പ്രത്യേക സൗന്ദര്യമുണ്ടാകും. ഓഡിയൊ റിലീസ് അടുത്തയാഴ്ച നടക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് ഒകെ കണ്‍മണി പുറത്തിറങ്ങുന്നത്. കേരളത്തിലും നിരവധി തിയെറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നുണ്ട്.

Top