ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ചില്ലറ വ്യാപാരികള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നടപടി.
ബിഗ് ബില്യണ്‍ ഡേ എന്ന പേരില്‍ ഫ്‌ളിപ്കാര്‍ട് നടത്തിയ ഷോപ്പിംഗ് മേളയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. മേളയ്‌ക്കെതിരെ ലഭിച്ച പരാതികള്‍ പരിഗണിച്ച് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്നും ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് പുതിയ നയം രൂപീകരിക്കേണ്ടതിനെ കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിന്റെ പേരില്‍ സോണി, സാംസങ് തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഫ്‌ലിപ്കാര്‍ട്ട് തിങ്കളാഴ്ച നടത്തിയ ബിഗ് ബില്യണ്‍ ഡേയ്ക്ക് തൊട്ടു പിന്നാലെ മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളും വിലക്കുറവുമായി രംഗത്തു വന്നിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വിപണിയില്‍ മല്‍സരം മുറുകിയതോടെയാണ് ചില്ലറ വ്യാപാരികള്‍ പരാതിയുമായി രംഗത്തു വന്നത്.