ലണ്ടന്‍: ഓരോ വര്‍ഷവും വായുമലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണം 33 ലക്ഷമാണെന്നും പഠന റിപ്പോര്‍ട്ട്. ഈ നില തുടര്‍ന്നാല്‍ വായു മലിനീകരണം മൂലം 2050 ആകുമ്പോഴേക്കും മരിക്കുന്നവരുടെ എണ്ണം 66 ലക്ഷത്തിലെത്തുമെന്ന് പഠനം പറയുന്നു.
ജര്‍മനി, സൈപ്രസ്, സൗദി അറേബ്യ, ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് പഠനം നടത്തിയത്. പഠനഫലം ബുധനാഴ്ച പുറത്തിറങ്ങിയ ‘നേച്ചര്‍’ മാസികയിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
ഇതിനുപുറമെ, സ്മോഗ് ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങള്‍ക്ക് കാരണമാകുന്നതിലൂടെ കൃഷിയും വായുമലിനീകരണത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലും പഠനം പങ്കുവയ്ക്കുന്നു. വായുമലിനീകരണത്താലുണ്ടാകുന്ന മരണങ്ങളില്‍ നാലില്‍ മൂന്നു ഭാഗവും പക്ഷാഘാതം, ഹൃദയാഘാതം എന്നിവ മൂലമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എച്ച്ഐവിയും മലേറിയയും മൂലം മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര് വായുമലിനീകരണം നിമിത്തം ഓരോ വര്‍ഷവും മരിക്കുന്നതായും പഠനം വിശദീകരിക്കുന്നു. നിലവില്‍ മരണമടയുന്നവരില്‍ ആറു ശതമാനം പേരുടെയും മരണത്തിന് വായുമലിനീകരണവും കാരണമാകുന്നുണ്ട്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നതിലും അധികമാണിത്.
വായുമലിനീകരണം മൂലം ഏറ്റവുമധികം മരണം നടക്കുന്നത് ചൈനയിലാണ്. ഓരോ വര്‍ഷവും 14 ലക്ഷം പേരാണ് ഇവിടെ വായുമലിനീകരണം മൂലം മരണമടയുന്നത്. തൊട്ടുപിന്നിലുള്ളത് ഇന്ത്യയാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും വായുമലിനീകരണം മൂലം മരിക്കുന്നവര്‍ ആറര ലക്ഷം പേരാണ്. മൂന്നാമതുള്ള പാക്കിസ്ഥാനിലാകട്ടെ, ഓരോ വര്‍ഷവും 110,0000 പേരും ഇക്കാരണത്താല്‍ മരിക്കുന്നു.