ന്യൂഡല്‍ഹി: സിഡ്‌നിയിലെ കോഫി ഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സിഡ്‌നിയിലെ വാണിജ്യ നഗരമായ മാര്‍ട്ടിന്‍ പ്ലേസിലെ ചോക്ലറ്റ് കഫേയില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലിനാണ് സംഭവം. രണ്ടു ആയുധധാരികള്‍ ചേര്‍ന്ന് കടയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 20 പേരെയാണ് ബന്ദിയാക്കിയത്.
ബന്ദിയാക്കപ്പെട്ട ആളുകള്‍ ഭീകരരുടെ ആജ്ഞ പ്രകാരം അറബിക് ഭാഷ എഴുതിയ കറുത്ത പതാക പ്രദര്‍ശിപ്പിക്കുന്നതായി ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആയുധധാരികള്‍ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെന്നു സംശയിക്കുന്നു.