ഓഹരി വിപണിയില്‍ കനത്ത നഷ്ടം;സെന്‍സെക്‌സ് 722 പോയിന്റ് താഴ്ന്നു

മുംബൈ: ഓഹരിവിപണികളില്‍ വന്‍ ഇടിവ്. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെന്‍സെക്‌സ്. സെന്‍സെക്‌സ് 722.77 പോയിന്റ് താഴ്ന്ന് 26,717.37ലും നിഫ്റ്റി 227.80 പോയിന്റ് താഴ്ന്ന് 8,097.00ലും വ്യാപാരം അവസാനിപ്പിച്ചു.

എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവയുടെ ഓഹരികളാണ് തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്.

എഫ്എംസിജി, ഐടി, ബാങ്ക്, മൂലധന സാമഗ്രി, ഓയില്‍ ആന്റ് ഗ്യാസ്, ഉപഭോക്തൃ ഉത്പന്നങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ തകര്‍ന്നടിഞ്ഞതാണ് നിഫ്റ്റിയെ തളര്‍ത്തിയത്.

ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കൂടിയതും പണപ്പെരുപ്പനിരക്കില്‍ മാറ്റം വന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിലിന്റെ വില. നികുതി വ്യതിയാനത്തിലെ അനിശ്ചിതത്വവും ഓഹരിയെ ബാധിച്ചു. വന്‍ നിക്ഷേപകര്‍, നിക്ഷേപ സ്ഥാപനങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവര്‍ മുന്‍നിര ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചത് സൂചികകളെ തളര്‍ത്തി.

Top