ഓഹരിവിപണിയില്‍ നിക്ഷേപകര്‍ ജാഗ്രതപാലിക്കണമെന്ന് സെബി

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ വഴി കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രതപാലിക്കണമെന്ന് സെബിയുടെ മുന്നറിയിപ്പ്.

അതിവേഗത്തില്‍ മൂല്യം കുതിച്ചുകയറുന്ന ചെറുകമ്പനികളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് വിപണിവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ഓഹരി വിപണികളിലെ ക്രമക്കേട് വഴി 6000 കോടി രൂപയോളം തട്ടിപ്പ് നടത്തിയ 900 കമ്പനികളെ സെബി കഴിഞ്ഞ ദിവസങ്ങളില്‍ നിരോധിച്ചിരുന്നു. ഐ.പി.ഒ വിപണിയിലും ദ്വിതീയ വിപണിയിലും ഇത്തരം കമ്പനികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കാര്യമായ ബിസിനസ്സോ ലാഭമോ ഇല്ലാത്ത കമ്പനികളുടെ ഓഹരികളുടെ വിലയില്‍ പോലും പത്തും ഇരുപതും ഇരട്ടി വര്‍ധന ഉണ്ടായിട്ടുണ്ട്. മൂലധനനേട്ടത്തിന് നികുതിയൊഴിവുണ്ട് എന്ന ആനുകൂല്യമാണ് ഇവിടെ തട്ടിപ്പുകാര്‍ ദുരുപയോഗിക്കുന്നത്.

ഓഹരിവില കുതിച്ചുകയറുന്നതുകണ്ട് ആവേശം കയറി അത് വാങ്ങുന്ന സാധാരണക്കാരുടെ പണമാണ് ഈ തട്ടിപ്പുകാര്‍ കൊണ്ടുപോകുന്നത്. പെട്ടന്ന് വിലകൂടുന്ന ചെറുകമ്പനികളില്‍ നിന്ന് നിക്ഷേപകര്‍ അകന്നുനില്‍ക്കണമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Top