സിഡ്‌നി: ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക ഓസ്‌ട്രേലിയ പോരാട്ടം. മികച്ച ഫോമിലുള്ള രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമായതിനാല്‍ പോരാട്ടം മികച്ചതാകുമെന്ന് പ്രതീക്ഷിക്കാം. പൂള്‍ എയില്‍ നിന്ന് ന്യൂസിലാന്‍ഡ് മാത്രമേ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുള്ളൂ.
നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ശ്രീലങ്ക രണ്ടാം സ്ഥാനത്താണെങ്കിലും ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അവര്‍ക്ക് ഇനിയും ഒരു ജയം കൂടി നേടേണ്ടി വരും. അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍്ഡ് ആണ് അവരുടെ എതിരാളികള്‍. ഓസ്‌ട്രേലിയക്കും അവസാന മത്സരം കളിക്കേണ്ടത് സ്‌കോട്‌ലാന്‍ഡിനെതിരെ തന്നെയാണ്. അവസാന മത്സരത്തിലേക്ക് കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാതെ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ഇരുകൂട്ടരുടെയും ശ്രമം. നിലവിലെ സാഹചര്യം വെച്ച് ഇരു ടീമിനും കാര്യമായ വെല്ലുവിളികള്‍ ഇല്ല.
പക്ഷെ ബംഗ്ലാദേശ് ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ കാര്യങ്ങള്‍ രണ്ട് ടീമിനും എതിരാകുകയും ചെയ്യും. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയിക്കാനുറച്ചു തന്നെയാകും ഇരുകൂട്ടരും ഇറങ്ങുക. ബാറ്റ്‌സ്മാന്‍മാരുടെ ഫോമാണ് ശ്രീലങ്കയുടെ കരുത്ത്. കഴിഞ്ഞ രണ്ട് മത്സരത്തിലും ഒരു വിക്കറ്റില്‍ കൂടുതല്‍ ദ്വീപുകാര്‍ക്ക് നഷ്ടമായിട്ടില്ല. ഓസീസിനാകട്ടെ ശക്തമായ ബൗളിങ് നിരയുമുണ്ട്. ഓസീസ് ബൗളിങ്ങും ശ്രീലങ്കന്‍ ബാറ്റിങ്ങും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരം. എന്നുവച്ച് ഓസീസിന്റെ ബാറ്റിങ് അത്ര മോശവുമല്ല. ന്യൂസിലാന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ലോകകപ്പിലെ റെക്കോഡ് സ്‌കോര്‍ കുറിച്ച് അവര്‍ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.
ഓസീസിനെ വെച്ച് നോക്കുമ്പോള്‍ ശ്രീലങ്കയുടെ ബൗളിങ് അത്ര മെച്ചമല്ല. എങ്കിലും ലസിത് മലിംഗയെന്ന ഒരു ബൗളര്‍ മതിയാകും ഏത് ബാറ്റിങ് നിരയെയും തകര്‍ക്കാനായി. സ്പിന്‍ വിഭാഗത്തിന് പഴയ കരുത്തില്ലെന്നതും ശ്രീലങ്കയുടെ ന്യൂനതയാകുന്നു.