കന്നുകാലി കശാപ്പ് നിയന്ത്രണം ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി

ramesh chennithala

തിരുവനന്തപുരം: കന്നുകാലി വില്‍പ്പനക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ കേരളത്തിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.

കാര്‍ഷികാവിശ്യത്തിനല്ലാതെയുള്ള കന്നുകാലി വില്‍പ്പന നിരോധിച്ചത് മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിനും വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷണം തിരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്ന് കയറ്റമെന്നതിന് പുറമേ, ഒരു ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ മേലുള്ള കയ്യേറ്റവുമാണ് ഈ നടപടി.

കേന്ദ്ര സര്‍ക്കാരിന്റെ ഈ വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത നിരോധന നിയമനത്തിന്റെ അടിസ്ഥാന ഘടകങ്ങളുമായി പുതിയ വിജ്ഞാപനത്തിന് വൈരുദ്ധ്യമുണ്ടെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ജനസംഖ്യയിലേറെപ്പേരും മാംസാഹാരം ഭക്ഷിക്കുന്നവരാണ്. പുതിയ വിജ്ഞാപനം കശാപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തന്നതോടെ ജനങ്ങളുടെ ആഹാരമാണ് വഴിമുട്ടുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളത്തില്‍ അഞ്ച് ലക്ഷത്തോളം പേര്‍ കന്നുകാലി മാംസ വില്‍പ്പന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 6552 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇത് നിലക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ ദോഷകരമായി ബാധിക്കും.

കന്നുകാലികളുടെ സ്വതന്ത്രമായ വിപണനം തടയുന്നത്, കന്നുകാലി കര്‍ഷകരുടെയും നട്ടെല്ലൊടിക്കും. ഇവയെ വില്‍പ്പന നടത്താന്‍ കഴിഞ്ഞില്ലങ്കില്‍ കര്‍ഷകര്‍ക്ക് പുതിയ കന്നുകാലികളെ വാങ്ങാനോ വളര്‍ത്താനോ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കാലി വളര്‍ത്തലനിയെും കൃഷിയെയും തകര്‍ക്കും. ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതമാണ് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മൂലം കേരളത്തിലുണ്ടായിരിക്കുന്നത്. അത് കൊണ്ട് ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തിരമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് നിയമ നിര്‍മാണത്തിനുള്ള വഴികള്‍ തേടണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top