കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തും

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നു. വിദേശത്തു നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചവരുടെ പേര് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറും.

കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇക്കാര്യത്തില്‍ അടുത്ത ആഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അറിയിച്ചു.

കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനം ആയിരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇതിനെതിരെ വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സമയബന്ധിതമായി കൈമാറാം എന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരവധി തവണ നിരസിച്ച ശേഷമാണ് ഒടുവില്‍ സമ്മതം അറിയിച്ചത്.

Top