ശ്രീനഗര്‍: ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണത്തിന് ഇന്ന് സമാപനം. ഈ മാസം 25 നാണു 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കാര്‍ഗില്‍, ലഡാക്ക്, ബന്ദിപോറ എന്നിവ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടും. 87 നിയമസഭാ മണ്ഡലങ്ങളിലേക്കായി അഞ്ചു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ് നടക്കുക.
പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി. ബിജെപി അധികാരത്തിലേറിയാല്‍ സംസ്ഥാനത്തെ അഭയാര്‍ഥി പ്രശ്നം പരിഹരിക്കുമെന്നു റാലിയില്‍ പങ്കെടുത്തു നരേന്ദ്ര മോദി പറഞ്ഞു. അമ്പതു വര്‍ഷമായി സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്മാണിത്. സംസ്ഥാനത്തു വികസനവും തൊഴിലവ സരം സൃഷ്ടിക്കുന്നതിനുമാകും ബിജെപി മുന്‍ഗണന നല്‍കുക. സംസ്ഥാന വികസ നത്തിനു ഭാവി തലമുറയുടെ പങ്കാളിത്തം അനിവാര്യമാണ്. നാഷണല്‍ കോണ്‍ഫറന്‍സിനേയും പീപ്പിള്‍സ് ഡെമൊക്രറ്റിക് പാര്‍ട്ടിയേയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. പദ്ധതി വിഹിതങ്ങള്‍ ഇവര്‍ ദുരുപയോഗം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണ്. സംസ്ഥാനത്തെ കുടുംബവാഴ്ച അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ഈ അവസരം മുതലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അഞ്ച് തെരഞ്ഞെടുപ്പ് റാലികളില്‍ മോദി പങ്കെടുക്കും. 87 അംഗ നിയമസഭയില്‍ 44 സീറ്റിനു മുകളില്‍ നേടാന്‍ സാധിക്കുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.