കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച അറുപതിനായിരത്തോളം കാണികളുടെ മനം നിറപ്പിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെ സാക്ഷി നിര്‍ത്തി ഐഎസ്എല്ലിന്റെ ആദ്യപാദ സെമിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മഞ്ഞപ്പട മറികടന്നത്.
27ാം മിനിട്ടില്‍ ഇഷ്ഫാഖ് അഹമ്മദും രണ്ടു മിനിട്ടിനുശേഷം ഇയാന്‍ ഹ്യൂമും ഇഞ്ചുറി ടൈമില്‍ മലയാളി താരം സുശാന്ത് മാത്യുവും നേടിയ ഗോളുകളാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സിന് ജയമൊരുക്കിയത്.
ചെന്നൈ ഗോള്‍ കീപ്പര്‍ ബ്രാസിഗ്ലിയാനോയുടെ വീരോചിത പ്രകടനം കൂടിയില്ലായിരുന്നെങ്കില്‍ ചെന്നൈ അരഡസന്‍ ഗോളിനെങ്കിലും തോല്‍ക്കേണ്ടതായിരുന്നു. മറുവശത്ത് ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്ത സന്ദീപ് നന്ദിയും മോശമാക്കിയില്ല. ചെന്നൈയുടെ ഗോള്‍ശ്രമങ്ങളൊക്കെ നന്ദിയുടെ കൈക്കുള്ളിലൊതുങ്ങി.
ഒടുവില്‍ രണ്ട് ഗോള്‍ ജയത്തിന്റെ ആലസ്യത്തിലേക്ക് അമരാനിരുന്ന ആരാധകരെ ആനന്ദത്തിന്റെ പരകോടിയിലെത്തിച്ച് ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ സുഷാന്ത് മാത്യൂവിന്റെ ലോംഗ് റേഞ്ചര്‍ ഗോള്‍. ടൂര്‍ണമെന്റിലെ ഏറ്റവും മനോഹര ഗോളുകളിലൊന്നില്‍ മലയാളിയുടെ കാലൊപ്പ്.
ആദ്യപാദസെമിയില്‍ എതിരില്ലാത്ത മൂന്നുഗോള്‍ ജയം നേടിയതോടെ രണ്ടാംപാദ സെമിയില്‍ ചെന്നൈയ്ക്ക് നാലു ഗോള്‍ ലീഡിലെങ്കിലും ബ്ലാസ്റ്റേഴ്‌സിനെ മറികടന്നാലെ ഫൈനലിലെത്താനാവു. ബ്ലാസ്റ്റേഴ്‌സിന് സമനില പിടിച്ചാലും ഫൈനലിലെത്താം.