കാശ്മീരില്‍ 49 ശതമാനം, ഝാര്‍ഖണ്ഡില്‍ 61 ശതമാനം

റാഞ്ചി: കടുത്ത തണുപ്പിനെ അവഗണിച്ച് ജമ്മുകാശ്മീരില്‍ നടന്ന നാലാം ഘട്ട അസംബ്ലി വോട്ടെടുപ്പില്‍ 49ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള കാശ്മീരിലെ മൂന്ന് ജില്ലകളിലും ജമ്മുവിലെ ഒരു ജില്ലയിലും നടന്ന തിരഞ്ഞെടുപ്പിനിടെ പൊതുവെ സമാധാനപരമായിരുന്നു. കടുത്ത തണുപ്പാണെങ്കിലും പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരകള്‍ കാണാനായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഘടന വാദികളുടെ ബഹിഷ്‌കരണ ആഹ്വാനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വോട്ടെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരുന്ന ശ്രീനഗര്‍ സിറ്റിയിലെ എട്ട് മണ്ഡലങ്ങളില്‍ ഈ പ്രാവശ്യം വോട്ടിംഗ് ശതമാനം വര്‍ധിച്ചു. അതേസമയം കന്യാര്‍, ഹബ്ബാകദല്‍, അമിറകദല്‍, സബിദാല്‍ എന്നീ മണ്ഡലങ്ങളില്‍ 2008ല്‍ നടന്ന വോട്ട് ശതമാനത്തേക്കാള്‍ വര്‍ധനവ് രേഖപ്പെടുത്തി. ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല മത്സരിക്കുന്ന സോനാവാര്‍ മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. ഝാര്‍ഖണ്ഡില്‍ 61 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ മുന്നില്‍ ഉണ്ടായിരുന്നത്. മൊത്തം 15 മണ്ഡലങ്ങളിലാണ് ഇവിടെ നാലാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് നടന്നത് ചന്‍കയാരിയിലാണ്, 71.28ശതമാനം. ഇതിന് തൊട്ടുപിറകില്‍ 70.2 ശതമാനവുമായി മധൂപൂര്‍ ആണ്. ഝാര്‍ഖണ്ഡില്‍ നടന്ന നാലം ഘട്ട വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളില്‍ 60 ശതമാനം വരെ പേര്‍ വോട്ട് രേഖപ്പെടുത്തി. പുരുഷന്‍മാരേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകളാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Top