കിഴക്കൻ അഫ്ഗാനിസ്ഥാനെ കലാപ ഭൂമിയാക്കി ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ യുദ്ധം

കാബൂൾ : ഇസ്ലാമിക് സ്റ്റേറ്റ്സും, താലിബാനും തമ്മില്‍ നടത്തുന്ന കലാപത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാൻ ഭീകരതയുടെ മുഖമായി മാറുകയാണ്.

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ ഇരു തീവ്രവാദ ഗ്രൂപ്പുകളും രണ്ട് ദിവസമായി ശക്തമായ വെടിവെയ്പ്പ് നടത്തുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഖോഗ്യാനി, ഷർസാദ് ജില്ലകളിലെ ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ആക്രമണങ്ങൾ കാരണം മാറ്റിപാർപ്പിച്ചുവെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അത്തൗല്ല ഖോഗ്യാനി പറഞ്ഞു.

അക്രമം നിലനിൽക്കുന്ന മേഖലയിൽ തീവ്രവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യുന്നതിനായി സേനയെ വിന്യസിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും , ചിലർക്ക് ഗുരുതരമായ പരുക്കുകളാണ് സംഭവിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സംഘർഷ പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ച ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നുണ്ട്.

afghanistan_74b6be7e-d41b-11e7-a032-ea4e291afd66

പണം, ടെൻറുകൾ, ഭക്ഷ്യ വസ്തുക്കൾ, തുടങ്ങി അടിയന്തരമായി ആവശ്യമുള്ള മരുന്നുകളും സർക്കാർ എത്തിച്ചു നൽകുന്നുണ്ട്.

നംഗർഹാർ പ്രവിശ്യയിലെ ഷർസാദ്, ഖോഗ്യാനി, ഹസറാക്ക് എന്നീ ജില്ലകൾ തന്ത്രപ്രധാന മേഖലകളാണ്. ലോജർ പ്രവിശ്യയോടും, തലസ്ഥാനമായ കാബൂളിനോടും ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഇവ.

ഏപ്രിൽ മാസത്തിൽ നംഗർഹാർ പ്രവിശ്യയിലെ മലനിരകളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ തുരങ്ക നിർമ്മാണത്തിനെതിരെ അമേരിക്കൻ സൈന്യം മാസിവ് ഓർഡ്നൻസ് എയർ ബ്ലാസ്റ്റ് ബോംബ് അഥവാ MOAB ഉപയോഗിച്ചിരുന്നു.

ലോജർ പ്രവിശ്യയിലും ഇത്തരത്തിൽ നടന്ന അക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നുവെന്നും, പ്രവിശ്യാ ഡെപ്യൂട്ടി പൊലീസ് മേധാവി ബോംബ് സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ലോജർ പ്രവിശ്യാ ഗവർണറുടെ വക്താവ് സലിം സാലി പറഞ്ഞു.

അഫ്ഗാൻ സുരക്ഷാ സേനക്കെതിരായി രാജ്യത്തുടനീളം ഇസ്ലാമിക് സ്റ്റേസും,താലിബാനും നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ്.

രാജ്യത്തെ ജനങ്ങളുടെ ജീവൻ തീവ്രവാദി ആക്രമണത്തിൽ നഷ്ടമാകാതിരിക്കാൻ ശക്തമായ നടപടികളാണ് അഫ്ഗാനിസ്ഥാൻ സർക്കാർ സ്വീകരിക്കുന്നത്.

Top