കുടിയേറ്റക്കാര്‍ക്കെതിരേ ജിന്‍ഡാല്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ വിവാദത്തില്‍. പാശ്ചാത്യ രാജ്യങ്ങളിലെ നഗരങ്ങളില്‍ സ്വന്തം താവളങ്ങള്‍ സ്ഥാപിക്കാന്‍ കുടിയേറ്റക്കാരില്‍ പലരും ശ്രമിക്കുന്നതായി ജിന്‍ഡാല്‍. ഇവര്‍ കുടിയേറിയശേഷം മറ്റുള്ളവരെ കയറ്റാതിരിക്കാനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുന്നവര്‍ അവിടുത്തെ ഭാഷയും സംസ്‌കാരവും സ്വീകരിക്കാന്‍ തയാറാകാതെ സ്വന്തം സംസ്‌കാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് അപകടകരമാണ്. മതമൗലികവാദം അമേരിക്കയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേയും ജിന്‍ഡാല്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്തോഅമെരിക്കന്‍ വംശജര്‍ എന്നു വിളിക്കുന്നതിനെതിരേയായിരുന്നു പരാമര്‍ശം. അമേരിക്കക്കാര്‍ എന്നറിയപ്പെടാന്‍ വേണ്ടിയാണ് ഇവിടേക്ക് കുടിയേറിയതെന്നും അതിനാല്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്താന്‍ പാടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ് ജിന്‍ഡാലിന്റെ കുടുംബം. തുടര്‍ന്നു ഹിന്ദുമതം ഉപേക്ഷിച്ച ജിന്‍ഡാല്‍, ക്രിസ്തുമതം സ്വീകരിച്ചു. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് വിലയിരുത്തപ്പെടുന്ന നേതാവാണ് ജിന്‍ഡാല്‍.

Top