കുറഞ്ഞ വിലയ്ക്ക് 4ജി ഫോണുമായി കൂള്‍പാഡ് ഇന്ത്യന്‍ വിപണിയിലെത്തി

വില കുറഞ്ഞ പുതിയ 4ജി ഫോണുമായി ചൈനീസ് ടെലികോം എക്യുപ്‌മെന്റ് നിര്‍മ്മാണ കമ്പനിയായ കൂള്‍പാഡ് ഇന്ത്യന്‍ വിപണിയിലെത്തി. കൂള്‍പാഡ് നോട്ട് 3 എന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറോട് കൂടിയ ഫോണാണ് 8,999 രൂപയ്ക്ക് കൂള്‍പാഡ് വിപണിയില്‍ എത്തിയിരിക്കുന്നത്.

1280 x 720 പിക്‌സല്‍ റെസലൂഷന്‍ നല്‍കുന്ന 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയോട് കൂടിയ ഫോണിന് 1.3 ജിഗാ ഹെട്‌സ് വേഗതയുള്ള ഒക്ടാകോര്‍ മീഡിയടെക് പ്രോസസറാണ് കരുത്ത് പകരുന്നത്. 3 ജിബി റാമും 16 ജിബി ആന്തരിക സ്റ്റോറേജുമായെത്തുന്ന ഫോണിന് 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.

പ്രോസസറിനൊപ്പം പ്രവര്‍ത്തിക്കുന്ന മാലി ടി 720 എംപി 2 ജി.പി.യു കൂള്‍പാഡ് നോട്ട് 3 സ്മാര്‍ട്ട് ഫോണിനെ ഗെയിമിങ് ഡിവൈസാക്കി മാറ്റും.
കൂള്‍പാഡ് നോട്ട് 3 ഫോണിന്റെ പ്രധാന ക്യാമറ f/2.0 വരെ അപേര്‍ച്ചര്‍ നല്‍കുന്ന 13 മെഗാപിക്‌സല്‍ ക്യാമറയാണ്. എല്‍.ഇ.ഡി ഫ്‌ലാഷോട് കൂടിയ ഈ ക്യാമറ 5 പി ലെന്‍സ് എലമന്റോട് കൂടിയതാണ്.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂള്‍പാഡ് സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 20 മുതല്‍ ആമസോണിന്റെ ഇന്ത്യന്‍ ഇകൊമേഴ്‌സ് പോര്‍ട്ടലില്‍ ലഭ്യമായിത്തുടങ്ങും.

Top