കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാമിലി നായികയാകുന്നു

ഒരുകാലത്ത് മലയാളത്തിലും തമിഴിലും ജനപ്രിയ ‘ബേബി’ വേഷങ്ങള്‍ ചെയ്തിരുന്ന ശാമിലി സിനിമയില്‍ വീണ്ടും സജീവമാകുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിന് ശേഷം പിന്നീട് കാണുന്നത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒയേ എന്ന തെലുങ്ക് ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായാണ്. അതിന് ശേഷം മറ്റ് ചിത്രങ്ങളിലൊന്നും ശാമിലി അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ ദ്വിഭാഷാ ചിത്രത്തില്‍ ശാമിലി നായികയാകുന്നു എന്നാണ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

കെ.എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും കന്നടയിലുമായി ഒരുക്കുന്ന ചിത്രത്തില്‍ സുദീപാണ് നായകന്‍. ഇതാദ്യമായാണ് സുദീപ് തമിഴില്‍ നായകനാകുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ശാമിലിയുമായി ചര്‍ച്ച നടത്തിക്കൊണ്ട് ഇരിക്കുകയാണെന്നും എന്നാല്‍ താരം ഇതു വരെ കരാറൊപ്പിട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. മറ്റ് അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Top