തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എ എളമരം കരീമാണ് പ്രമേയത്തിന് നനോട്ടീസ് നല്‍കിയിരുന്നത്.
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചു.
1,900 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. നിലവില്‍ ലഭിക്കുന്ന അഞ്ചരക്കോടി പ്രതിദിന കളക്ഷന്‍ ഏഴ് കോടിയിലെത്തിക്കാനാണ് ശ്രമം. കോര്‍പ്പറേഷന് വലിയ സാമ്പത്തിക ബാധ്യതകള്‍ നിലവിലുണ്ടെന്നും ഭൂമി പണയപ്പെടുത്തി പലിശ കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തിയില്ലെന്ന് അറിയിച്ചു. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടക കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലും സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടില്ലെന്നും വി.എസ് പറഞ്ഞു. വിഷയം അടിയന്തരപ്രമേയമായി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പിന്നീട് ഇറങ്ങിപ്പോയി.