കെഎസ്ആര്‍ടിസിക്ക് ബാധ്യതയായി സ്വകാര്യ സൂപ്പര്‍ക്ലാസ് പെര്‍മ്മിറ്റുകള്‍

പത്തനംതിട്ട: സ്വകാര്യ സൂപ്പര്‍ക്ലാസ് പെര്‍മ്മിറ്റുകള്‍ ഏറ്റെടുക്കുന്നത് കെഎസ്ആര്‍ടിസിക്ക് ബാധ്യതയുമാകുന്നു. പെര്‍മ്മിറ്റുകള്‍ ഏറ്റെടുത്തെങ്കിലും ഭൂരിഭാഗം സ്വകാര്യബസുകളും ഇപ്പോഴും സര്‍വ്വീസ് നടത്തുന്നതാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നത്. പുതിയ ബസുകള്‍ ലഭിക്കാത്തതിനാല്‍ നിലവിലെ ഷെഡ്യൂളുകള്‍ റദ്ദാക്കിയാണ് പല ഡിപ്പോകളും സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ നടത്തുന്നത്.

സംസ്ഥാനത്തെ സൂപ്പര്‍ക്ലാസ് ബസ് പെര്‍മ്മിറ്റുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സൂപ്പര്‍ ക്ലാസ് പെര്‍മ്മിറ്റുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇതുവരെ 71 സൂപ്പര്‍ക്ലാസ് പെര്‍മ്മിറ്റുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു.

കാലാവധി കഴിഞ്ഞ പെര്‍മ്മിറ്റുകള്‍ ഏറ്റെടുത്തെങ്കിലും പല സ്വകാര്യ ബസുകളും പഴയതുപോലെ തന്നെ സര്‍വ്വീസ് നടത്തുന്നു. ഒരേസമയത്ത് സ്വകാര്യ ബസുകളുടെ ഒപ്പം മത്സരിച്ച് സര്‍വ്വീസ് നടത്തുന്നതുമൂലം വന്‍ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് നേരിടേണ്ടി വരുന്നത്. ഏറ്റെടുത്ത സൂപ്പര്‍ക്ലാസ് പെര്‍മ്മിറ്റുകളില്‍ സര്‍വ്വീസ് നടത്താന്‍ ആവശ്യമായ ബസുകള്‍ ഇല്ലാത്തതും കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവിലെ ഷെഡ്യൂളുകള്‍ റദ്ദാക്കി ഇത്തരം സര്‍വ്വീസിന് ബസുകള്‍ അയക്കുന്നത് മൂലം വന്‍ നഷ്ടമാണ് ദിനംപ്രതി കോര്‍പ്പറേഷനുണ്ടാകുന്നത്

Top