തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് അഴിമതി സര്‍ക്കാരിന്റെ നാലാം വാര്‍ഷികമാണെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തിരുവനന്തപുരത്ത് സര്‍ക്കാരിന് എതിരെ ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയുമായിരുന്നു അമിത് ഷായുടെ പ്രസംഗം.
യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷം അഴിമതിയുടേതായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ ഒരു വര്‍ഷം വികസനത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തുന്നത് ആരുമറിയുമായിരുന്നില്ലെന്നും എന്നാല്‍ മോഡിയുടെ സന്ദര്‍ശനങ്ങള്‍ അങ്ങനെയല്ലെന്നും മോഡിക്ക് വിദേശത്തു ലഭിച്ച സ്വീകരണങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിനെതിരേ ഒരാരോപണം പോലുമുന്നയിക്കാന്‍ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം സാധിച്ചെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ വികസനം സാധ്യമാക്കാന്‍ ബിജെപിക്കു മാത്രമേ കഴിയുകയുള്ളുവെന്നും അതിനാല്‍ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു.
അക്രമത്തിന്റെ പാതയിലൂടെ ബിജെപി ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കനത്ത മഴയെ അവഗണിച്ചാണ് അമിത് ഷാ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രത്യേക വേദിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.