ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.
45മിനിറ്റിലായിരുന്നു ഗോള്‍. മധ്യവരയ്ക്കു സമീപത്തു നിന്ന് അബിയര്‍ എടുത്ത ത്രോ ബോക്‌സിന് സമീപത്തു നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഗുര്‍വിന്ദര്‍ ക്ലീയര്‍ ചെയ്‌തെങ്കിലും പന്ത് കോക്കുവിന്റെ കാലുകളിലാണെത്തിയത്. കത്തൊരു ഹാഫ് വോളിയിലൂടെ കോക്കി പന്ത് വലയിലാക്കി.
അതു വരെ കളിയില്‍ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. 26മിനിറ്റില്‍ സബിത്തിന്റെ ഗോളെന്നുറച്ചൊരു ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ അലക്‌സാന്‍ഡ്ര തട്ടിയകറ്റി. 32മിനിറ്റില്‍ നോര്‍ത്തീസ്റ്റിന്റെ ബോറോ എടുത്തൊരു ലോംഗ് റേഞ്ച് ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത് ഞെട്ടലോടെയാണ് നിറഞ്ഞ ഗ്യാലറി വീക്ഷിച്ചത്.
ഈ രണ്ടവസരങ്ങളും ഒഴിവാക്കിയാല്‍ കാര്യമായ ഗോള്‍ ശ്രമങ്ങള്‍ ഇരുഭാഗത്തു നിന്നുമുണ്ടായില്ല. 4-4-2 ഫോര്‍മേഷനിലാണ് ഇരു ടീമുകളും കളിക്കാരെ വിന്യസിച്ചത്.
കളി മധ്യവരയില്‍ കുടുങ്ങിയിട്ടും ഫോര്‍മേഷനില്‍ മാറ്റം വരുത്താന്‍ ഇരു ടീമുകളും തയ്യാറായതുമില്ല. മധ്യനിരയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ഹ്യൂമിനെപ്പോലുള്ള കളിക്കാര്‍ക്ക് തിളങ്ങാനായില്ല. നോര്‍ത്തീസ്റ്റിനെ തളര്‍ത്തിയതും മധ്യനിരയായിരുന്നു.